തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സർവ്വനാശത്തിന്റെ വക്കിൽ സി.പി.എം

    കണ്ണൂർ: തിരഞ്ഞെടുപ്പിലെ ദയനീയമായ തോൽവിക്ക് പിന്നാലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ സര്വനാശത്തിന്റെ വക്കിൽ സിപിഎം. നഗരസഭാ അധ്യക്ഷ ശ്യാമളയെയും ചില ഉദ്യോഗസ്ഥരെയും പ്രതിസ്ഥാനത്ത് നിർത്തി പാർട്ടി തടിയൂരാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ കടുത്ത എതിർപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ഈ സംഭവവും. സിപിഎം പ്രതിരോധത്തിലാവുന്ന തുടർച്ചയായ സംഭവവികാസങ്ങളുടെ മറ്റൊരദ്ധ്യായമായാണ് സംസ്ഥാനം പുതിയ സംഭവത്തെയും കാണുന്നത്.

    സിഒടി നസീർ വിഷയത്തിന് പിന്നാലെ, ആന്തൂരിലും ആരോപണം അവസാനിപ്പിക്കാൻ ഇടപെട്ട സിപിഎം നേതാക്കൾ കുടുംബത്തിന് പാർട്ടിയുടെ അന്വേഷണവും നടപടിയും ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രശ്നം ഇവിടം കൊണ്ടൊന്നും തീരുമെന്നല്ല സൂചന. സംസ്ഥാനത്ത് വ്യവസായ സംരംഭകർക്കെതിരെ സി.പി.എമ്മിന്റെ ആദ്യത്തെ ആക്രമണമല്ലിത്. വ്യവസായ കേന്ദ്രങ്ങളിൽ കൊടി നാട്ടിയും, വ്യവസായികളെ ആക്രമിച്ചും സി.പി.എം അവസാനിപ്പിച്ചത് ഏതാനും സ്വപ്‌നങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തെത്തന്നെയാണ്. പക്ഷെ സ്വജനങ്ങളുടെ കാര്യത്തിൽ സകല നിയമവ്യവസ്ഥകളും കാറ്റിൽ പറത്തി കാര്യങ്ങൾ നേടിയെടുക്കുന്നുവെന്നതും പച്ചയായ യാഥാർഥ്യമാണ്.

    ആന്തൂര്‍ നഗരസഭാ പരിധിയിൽ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിൽ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ നഗരസഭ പ്രവര്‍ത്താനുമതി നല്‍കിയില്ലെന്ന് മാത്രമല്ല നിസ്സാര പ്രശ്നങ്ങൾ ഉന്നയിച്ച് ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിൽ മനംനൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ രണ്ട്‌ ദിവസം മുമ്പ്‌ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്.