ബെംഗളൂരൂ: ഭരണപക്ഷത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി നല്‍കിയതോടെ കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തുന്നു. ഒപ്പം ജെഡിഎസ് മുന്‍ അധ്യക്ഷനും മുന്‍ ആഭ്യന്തരമന്ത്രിയും രാജിക്കൊരുങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായതോടെ ഇന്നു വൈകിട്ട് മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. രാജിവയ്ക്കാനായി എംഎല്‍എമാര്‍ വിധാന്‍സഭയില്‍ എത്തിയെങ്കിലും സ്പീക്കര്‍ ഇല്ലാത്തതിനെത്തുടർന്ന് രാജിക്കത്ത് സ്പീക്കറുടെ ഓഫീസില്‍ നല്‍കി മടങ്ങുകയായിരുന്നു. ഭരണപക്ഷത്തെ ഏഴ് എംഎല്‍എമാര്‍കൂടി രാജിക്കൊരുങ്ങിയിട്ടുണ്ട്. ഇവര്‍ കൂടി രാജിവെച്ചാല്‍ എച്ച്.ഡി. കുമാരസ്വാമി നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാര്‍ നിലം പതിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ജെഡിഎസുമായുള്ള ബന്ധമാണെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ധിക്കാരപരമായ നിലപാടുകള്‍ ഇനിയും അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ പറയുന്നു.
വിമതസ്വരങ്ങളെ അനുനയിപ്പിക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസവും ബെംഗളൂരുവില്‍ എത്തിയിരുന്നെങ്കിലും ചർച്ചകൾ ഫലം കണ്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Discussion about this post