കോട്ടയം പ്രസ് ക്ലബ്ബിന്റെ ഭരണം പിടിക്കാൻ മനോരമക്കാരുടെ തമ്മിലടി

  കോട്ടയത്ത് പ്രസ് ക്ലബ്ബിന്റെ നേതൃത്വം പിടിക്കാൻ മനോരമക്കാരുടെ തമ്മിലടി. വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയ അതേ നാടകം ആവർത്തിച്ചതോടെ മനോരമ മാനേജ്മെൻറ് നാണം കൊടുന്ന അവസ്ഥയിലായി. മനോരമയുടെ  ആസ്ഥാനത്തെ പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ടാകാനാണ് മനോരമയിലെ രണ്ട് എഡിറ്റർമാർ പോരടിക്കുന്നത്.

  മാനേജ്മെൻറിന്റെ നിർദേശങ്ങൾ പോലും തൃണവൽക്കരിച്ചാണ് മൽസരിക്കുന്നത്. പത്രപ്രവർത്തക യൂണിയൻ മനോരമ യൂണിറ്റിന്റെ പിന്തുണ അവകാശപ്പെട്ടു മൽസരിക്കുന്ന ജോൺസൺ മാത്യു നേതൃത്വം നൽകുന്ന പാനലിനെതിരെ മുൻ പ്രസ് ക്ലബ് പ്രസിഡണ്ട് സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ മൽസരിക്കുന്നത്  മറ്റു പത്രങ്ങളുടെ പിന്തുണ ഉണ്ടെന്ന്  അവകാശപ്പെട്ടുകൊണ്ടാണ്.

  മനോരമയിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ പാടുള്ളൂ എന്ന് യൂണിയൻ സെൽ സെക്രട്ടറിയെ വിളിച്ചു വരുത്തി എച്ച് ആർ മാനേജർ ആവശ്യപ്പെട്ടെങ്കിലും അത് നടപ്പാക്കാൻ യൂണിറ്റ് സെക്രട്ടറിക്ക്  കഴിഞ്ഞില്ലെന്നാണ് വിവരം. സഹായിച്ചില്ലെങ്കിലും നാറ്റിക്കരുതെന്ന്  കമ്പനി ആവശ്യപ്പെട്ടെന്നാണ് പുറത്തു വരുന്ന കഥകൾ.

  മനോരമയിലെ എഡിറ്റർമാർ  പരസ്പരം മൽസരിക്കുന്നത് ഇത് ആദ്യമല്ല. 10 വർഷം മുമ്പ് സെല്ലിന്റെ സ്ഥാനാർത്ഥിയായി മൽസരിച്ച കെ. ഏബ്രാഹാമിന് എതിരെ മറ്റൊരു മനോരമക്കാരനായ പുന്നൂസ് മാത്തൻ മറ്റു പത്രങ്ങളുടെ പിന്തുണയോടെ മത്സരിച്ച് ജയിച്ചു. അന്ന് പുന്നൂസ് സ്വീകരിച്ച അതേ തന്ത്രം തന്നെയാണ് ഇപ്പോൾ സെബാസ്റ്യൻ ജോസഫും പ്രയോഗിക്കുന്നത്.

  പുന്നൂസ് വൈകാതെ മനോരമയിൽ രാജിവച്ചൊഴിഞ്ഞതിന് പിന്നിലും ഈ മത്സരവും പ്രശ്നങ്ങളുമെല്ലാം ഉണ്ടെന്നാണ് അടക്കം പറച്ചിൽ.  എന്നാൽ 2013 ൽ സെല്ലുമായി വിയോജിച്ച് മൽസരിച്ച സെബാസ്റ്റ്യൻ വലിയ വ്യത്യാസത്തിലാണ് തോറ്റത്. അദ്ദേഹം  തന്നെ വീണ്ടും മൽസരിക്കുന്നതിൽ മനോരമയിലെ ഒരു വിഭാഗം എതിർത്തതാണ്  ഇപ്പോൾ പരസ്പരം ഏറ്റുമുട്ടലിനിടയാക്കിയത്.

  ഈ അവസരം മുതലെടുത്ത് മാത്യഭൂമി, ദീപിക, മംഗളം തുടങ്ങിയ സ്ഥാപനങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും ഒരു വിഭാഗം സെബാസ്റ്റ്യന് പിന്തുണയുമായി രംഗത്തുണ്ടെന്നാണ് വിവരം. പ്രസിഡണ്ട് പദത്തിന് വേണ്ടിയുള്ള മനോരമക്കാരുടെ  മൽസരം ഫലത്തിൽ മനോരമയും മറ്റു പത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയതിൽ  മാനേജ്മെന്റ് കടുത്ത അതൃപ്തി അറിയിച്ചതായാണ്  വിവരം

  LEAVE A REPLY

  Please enter your comment!
  Please enter your name here