കേരളം സ്മൃതിനാശത്തിലേക്ക്

  ”ഒന്നും ഞാന്‍ ഓര്‍ക്കണില്ല, സത്യായിട്ടും ഓര്‍ക്കണില്ല” ഇതു പറഞ്ഞത് കിലുക്കം സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമാണ്.
  ഇപ്പോള്‍ കഴിഞ്ഞ കാലത്ത് തന്റെ നിയോജകമണ്ഡലത്തിനുവേണ്ടി എന്തു ചെയ്തു? പൊതുപ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെട്ടു? എന്നൊക്കെ ചോദിച്ചാല്‍ ഒന്നും ഓര്‍ക്കണേയില്ല ഇന്നച്ചന്‍. ആ ഓര്‍മ്മക്കേട് മൂലം വീണ്ടും ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായി.
  ഈ ഓര്‍മ്മക്കൂറവ് ഇപ്പോള്‍ കേരളത്തിന്റെ പൊതുപ്രശ്‌നമാണ്. സ്മൃതിനാശത്തിലാണ് കേരളം.
  മഹാരാജാസ് കോളേജില്‍ കയറി എസ് എഫ് ഐക്കാരനായ വിദ്യാര്‍ത്ഥിയെ –  അഭിമന്യുവിനെ – കൊല ചെയ്തു. അതിന്റെ പേരില്‍ പാര്‍ട്ടി കോടികള്‍ പിരിച്ചു. ഇന്നും മുഖ്യപ്രതിയെ പിടിച്ചിട്ടില്ല. നമ്മള്‍ അതു മറന്നു. സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച പ്രതിയെ പിടിച്ചില്ല. അതും മറന്നുപോയി.
  ആസിഫയ്ക്കുവേണ്ടി മെഴുകുതിരി കത്തിച്ചു. നാടുനീളെ പ്രകടനം നടത്തി. ശയനപ്രദക്ഷിണം നടത്തി, രാമനുണ്ണി പോലും! എന്നാല്‍ പതിനഞ്ചുകാരിയായ അന്യസംസ്ഥാനബാലികയെ മാതാപിതാക്കളെ മര്‍ദ്ദിച്ചു തട്ടിക്കൊണ്ടുപോയത് ആരും അറിഞ്ഞ മട്ടില്ല.
  നടുറോഡില്‍ തിരുവല്ലയില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പച്ചയ്ക്ക് തീ കൊളുത്തി. വിദ്യാര്‍ത്ഥിനി മരിച്ചു. വനിതാ മതിലില്ല; സ്ത്രീ അഭിമാനക്കാരില്ല; ആര്‍പ്പോ ആര്‍ത്തവക്കാരില്ല; (അല്ലേലും അവര്‍ ആര്‍ത്തവകാര്യത്തിലല്ലേ ഇടപെടൂ) സാംസ്‌കാരികനായകന്മാരില്ല.
  കാസര്‍കോട് രണ്ടു യുവാക്കളെ സിപിഎം കാര്‍ വെട്ടിക്കൊലപ്പെടുത്തി. ഓ….. വെട്ടിക്കൊല്ലാന്‍  മാത്രമല്ല തല്ലിക്കൊല്ലാനും അറിയാന്നാ പറയുന്നേ. അതുകൊണ്ടുതന്നെ കൊല്ലത്തെ സിപിഎം ബ്രാഞ്ചുസെക്രട്ടറിയും ജയില്‍ വാര്‍ഡനും ചെര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു.
  എല്ലാം നമുക്കു മറക്കാം. ഇത് സ്മൃതിനാശത്തിന്റെ കാലമല്ലേ – അല്ലെങ്കില്‍ മറക്കണം.
  അതുകൊണ്ടുതന്നെയാണ് കേരള തെരഞ്ഞെടുപ്പുകളില്‍ സാര്‍ ടിക്കാറാം മീണ ശബരിയെ മറക്കാന്‍ പറഞ്ഞതും – പറയരുതെന്നു പറഞ്ഞതും.
  എല്ലാം നമുക്കു മറന്നേക്കാം അല്ലെ – പറയാതിരിക്കാം അല്ലേ-
  മഹാരാഷ്ട്രയില്‍ ഗോമാംസനിരോധനം വന്നപ്പോള്‍ ഇവിടെ ശ്രീകൃഷ്ണ കോളേജിന്റെയും ഗുരുവായൂരപ്പന്‍ കോളേജിന്റെയും മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്….. നടുറോഡില്‍ കൊച്ചുപൈക്കിടാവിനെ വെട്ടിമുറിച്ച് അറമാദിച്ചത്….. ദുര്‍ഗ്ഗാദേവിയെ വേശ്യയെന്ന് ഒരു ചാനല്‍ അവതാരിക വിളിച്ചത്….. ഹനുമാന്‍സ്വാമിയെ നഗ്നനാക്കി ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ചത്….. സന്ന്യാസിമാരെ ആക്ഷേപിച്ചത്….. സരസ്വതിയെ നഗ്നയാക്കി ചിത്രീകരിച്ചത്….. ഗുരുദേവനെ കുരിശില്‍ തറച്ചത്….. ശിവലിംഗത്തെ വികൃതമായി വരച്ചത്….. ഗണപതിയെ അപമാനിച്ചത്….. സിനിമാ സംവിധായകന്‍ അയ്യപ്പനെ അറയ്ക്കുന്ന അശ്ലീലപോസ്റ്റില്‍ പരിചയപ്പെടുത്തിയത്….. ആര്‍ത്തവത്തിന്റെ പേരു പറഞ്ഞ് ദേവതാസങ്കല്‍പ്പത്തെ പരിഹസിച്ചത്….. അത്തപ്പൂക്കളം വേണ്ടെന്നു വച്ചത്….. നിലവിളക്ക് ഒഴിവാക്കിയത്….. ദളിതരുടെ ഉത്സവം അലങ്കോലമാക്കിയത്….. നട്ടപ്പാതിരായ്ക്ക് പോലീസിനെ ഉപയോഗിച്ച് ക്ഷേത്രാധികാരം പിടിച്ചെടുത്തത്….. ‘കാണി’ക്കാരുടെ നെഞ്ചില്‍ ചവുട്ടി അഗസ്ത്യമല കയറിയത്….. അവരുടെ പൂജ നിര്‍ത്തലാക്കി അവിടെ വേലി കെട്ടിത്തിരിച്ചത്….. ശ്രീകൃഷ്ണവേഷം കെട്ടുന്ന കൊച്ചുകുട്ടികളെ ആക്ഷേപിച്ചത്…..
  ഇല്ല, ഒന്നും ഓര്‍മ്മയില്ല. പറയില്ല.
  ശബരിമല ദര്‍ശനത്തില്‍ ആക്ടിവിസ്റ്റുകളെ നാപ്കിനുമായി മല കയറാന്‍ സഹായിച്ചത്….. ഇരുട്ടിന്റെ മറവില്‍ യുവതികളെ ആംബുലന്‍സില്‍ കയറ്റി സന്നിധാനത്ത് കൊണ്ടുചെന്നത്….. കേന്ദ്രമന്ത്രിയെ വരെ ആക്ഷേപിച്ചത്….. പോലീസ് മര്‍ദ്ദനം നടത്തിയത്….. ഭക്തര്‍ വിരിവെയ്ക്കുന്നിടം വെള്ളമൊഴിച്ചിട്ടത്….. ശൗചാലയം പൂട്ടിയിട്ടത്….. കള്ളക്കേസുകളില്‍ കുടുക്കിയത്….. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തനെ കല്ലെറിഞ്ഞുകൊന്നത്….. എല്ലാം മറക്കാം പറയാതിരിക്കാം.
  എന്തായാലും പറയാതിരിക്കണം എന്നു പറഞ്ഞ ടിക്കാറാം മീണയ്ക്കു നന്ദി.
  പിന്‍കഥ: –  ഒരാള്‍ വൈദ്യരെ കണ്ട് കഷണ്ടിക്കു മരുന്ന് ചോദിച്ചു. വൈദ്യര്‍ എണ്ണ കൊടുത്തിട്ടു പറഞ്ഞു. ‘ ഈ എണ്ണ തേച്ചു കുളിച്ചാല്‍ തലയില്‍ സമൃദ്ധമായ മുടി വരും. പക്ഷെ ഒരു കാര്യം മാത്രം.
  എന്തു കാര്യം?
  തേയ്ക്കുമ്പോള്‍ കുരങ്ങനെ കുറിച്ചുമാത്രം ഓര്‍ക്കരുത്. ഓര്‍ത്താല്‍ ഫലം കിട്ടില്ല.
  ശരി.
  കഷണ്ടിക്കാരന്‍ സമ്മതിച്ചെങ്കിലും എപ്പോള്‍ എണ്ണയെടുക്കുന്നുവോ, അപ്പോഴൊക്കെ വൈദ്യര്‍ ഓര്‍ക്കരുത് എന്നു പറഞ്ഞ കാര്യമാണ് ഓര്‍ത്തത്’.
  ടിക്കാറാമിന് നന്ദി. ശബരിമല പറയരുതെന്ന് പറഞ്ഞ് ഓര്‍മ്മിപ്പിച്ചതിന് നന്ദി.
  എന്തൊരു സ്മൃതിനാശം  അല്ലേ!