കേരളം സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്കോ?

  കേരളം സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്കോ?

  തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ കഴിഞ്ഞു. ഇനി നഗ്നമായ ജീവിത യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് വരുമ്പോൾ നമ്മെ കാത്തിരിക്കുന്ന ഒരു മഹാദുരന്തമുണ്ട്. സ്വതന്ത്ര ഭാരതത്തിലെ നമ്മുടെ കൊച്ചു സംസ്ഥാനത്തെ ജനതയുടെ സ്വാതന്ത്ര്യം ചില ബാഹ്യ ശക്തികളാൽ നിയന്ത്രിക്കപ്പെട്ട് നാം വീണ്ടും മറ്റൊരു സാമ്രാജ്യത്വ അടിമത്ത്വത്തിന് കീഴടങ്ങേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കടന്നു പോകുന്നത്. ഒരു കാലഘട്ടത്തിൽ ഇവിടെ കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരൻ സാവധാനം നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ച കാര്യം നമ്മൾ മറന്ന് പോവരുത്.

  സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ നിലയ്ക്കാണ് ധനസ്ഥിതി മുന്നോട്ട് പോകുന്നതെങ്കിൽ 2017-18 ൽ സംസ്ഥാനം ധനകാര്യ തകർച്ചയിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും നീങ്ങുമെന്നും 2016 ജൂൺ മാസത്തിൽ സർക്കാർ പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ എഴുതി ചേർത്തത് സാമ്പത്തിക വിദഗ്ദൻ കൂടിയായ നമ്മുടെ സംസ്ഥാന ധനകാര്യമന്ത്രി തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക പ്രതിസന്ധി യാഥാർത്ഥ്യമാണോ എന്നതിൽ സംശയിക്കേണ്ട കാര്യമില്ല. വർഷം രണ്ട് പിന്നിടുമ്പോൾ സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്ക് അതിവേഗം നീങ്ങുന്നതായ കണക്കുകളാണ് പുറത്ത് വരുന്നത്.

  സംസ്ഥാനം അങ്ങെയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജൂൺ 24ന് ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും അടിവരയിട്ട് പറഞ്ഞുകൊണ്ട് നമുക്ക് വീണ്ടും മുന്നറിയിപ്പ് തന്നു.വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങിക്കുന്ന വായ്പയുടെ 80 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി വകമാറ്റി ചിലവഴിക്കേണ്ടി വരുന്നതിനാൽ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് 2018-19 ലെ ബജറ്റ് അവതരണ വേളയിൽ ധനകാര്യമന്ത്രി തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. റവന്യൂ വരുമാനത്തിന്റെ 87 ശതമാനവും ഉദ്യോഗസ്ഥരുടെ ശബളത്തിനും പെൻഷനും വേണ്ടി മാത്രമാണ് ചിലവഴിക്കപ്പെടുന്നതെന്ന് ഇക്കഴിഞ്ഞ (2019 -20) ബജറ്റ് അവതരണ വേളയിൽ ധനകാര്യ വകുപ്പ് മന്ത്രി വീണ്ടും വ്യക്തമാക്കിയത് നമ്മൾക്കുള്ള അവസാന മുന്നറിയിപ്പായിരുന്നു.

  കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി കേരളത്തിന്റെ പൊതുവരുമാനം ഒരു ന്യൂനപക്ഷ ജനവിഭാഗത്തിന്റെ കീശയിലേക്ക് മാത്രമാണ് ഒഴുകി കൊണ്ടിരിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ് കേരളത്തിലെ റവന്യൂ വരുമാനത്തെയും മറികടന്നുവെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. 2017-18 സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ ഖജനാവിൽ 100 രൂപ എത്തിയപ്പോൾ 103 രൂപ ചിലവഴിച്ചത് ഈ 3 ശതമാനം വരുന്ന സംഘടിത ജന വിഭാഗത്തിന് വേണ്ടിയായിരുന്നുവെങ്കിൽ 2018-19 ലെ പ്രാഥമിക കണക്കുകൾ പുറത്ത് വരുമ്പോൾ ഖജനാവിൽ 100 രൂപ എത്തുമ്പോൾ ഈ മൂന്ന് ശതമാനത്തിന് വേണ്ടി ചിലവഴിക്കപ്പെടുന്നത് 124 രൂപയാണ്. അന്തിമ കണക്കുകൾ പുറത്ത് വരുമ്പോൾ ഇത് 130 കവിയും. മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും ശബള വർദ്ധനവിലെ കുടിശ്ശികയും ഉദ്യോഗസ്ഥരുടെ ഡി.എ. കുടിശ്ശികയുമടക്കം ആയിരക്കണക്കിന് കോടിയുടെ കണക്കുകൾ കൂടി വരാനുണ്ട്. അതായത് കേരളത്തിന്റെ ഖജനാവ് അരിച്ച് പെറുക്കിയെടുത്തതിന് പുറമെ കടം കൂടി വാങ്ങിച്ചാണ് 3 ശതമാനം വരുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സംരക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ 97 ശതമാനം ജനങ്ങളുടെ അദ്ധ്വാനഫലത്തിലാണ് ഈ മൂന്ന് ശതമാനം ജനങ്ങൾ സുഖമായി ജീവിക്കുന്നത്.

  2017-18 സാമ്പത്തിക വർഷത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നുവെങ്കിൽ 2018-19 ൽ അത് 47 ശതമാനത്തിലേക്കാണ് വർദ്ധിച്ചത്. പെൻഷൻ ചിലവ് 27 ൽ നിന്ന് 32 ശതമാനത്തിലേക്കാണ് വർദ്ധിച്ചത്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യവും ലീവ് സറണ്ടർ ആനുകൂല്യങ്ങൾ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ചിലവായത് 2 ശതമാനവുമാണ്.
  വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള 21970 ജനപ്രതിനിധികളേയും അവരുടെ കുടുംബത്തെയും ആശ്രിതരേയും സംരക്ഷിക്കാനുള്ള ഭരണപരമായ ചിലവിന് ഖജനാവിൽ നിന്ന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 12 ശതമാനമാണ്. വാങ്ങിയ കടത്തിന്റെ പലിശയിനത്തിൽ തിരിച്ചടവിനായി 2017-18 ൽ റവന്യൂ വരുമാനത്തിന്റെ 22% ശതമാനമായിരുന്നു ചിലവഴിച്ചതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അത് 31 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. അതായത് സർക്കാർ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോൾ ഈ മൂന്ന് ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 124 രൂപ!

  10 വർഷം മുമ്പ് കേരളത്തിലെ ഒരു സർക്കാർ ജീവനക്കാരന്റെ ശരാശരി പ്രതിമാസ ശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് 58,663 രൂപയിലേക്കാണ് ഉയർന്നത്.
  ഒരു എം.എൽ.എ.യ്ക്ക് വേണ്ടി ഖജനാവിൽ നിന്നും ഒരു വർഷം ചിലവഴിച്ചിരുന്നത് 21 ലക്ഷം രൂപയായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം നിലവിൽ വന്ന ജനപ്രതിനിധികളുടെ ശമ്പള പരിഷ്ക്കരണത്തോടെ ഇന്ന് ഒരു എം.എൽ.എ.യെ സംരക്ഷിക്കാൻ വേണ്ടി ഖജനാവിൽ നിന്നും ചിലവഴിക്കുന്നത് 60 ലക്ഷത്തോളം രൂപയാണ്. ഒരു മന്ത്രിയെ സംരക്ഷിക്കാൻ ഓരോ വർഷവും ഖജനാവിൽ നിന്ന് ചിലവഴിച്ചത് 38 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇന്ന് ചിലവഴിക്കുന്നത് ഒരു കോടിയിൽ അധികം രൂപയാണ്.
  ഇവരുടെയും കുടുംബാഗങ്ങളുടെയും ചികിത്സാ ചിലവ്, രാജ്യത്തും വിദേശത്തും നടത്തുന്ന യാത്രകൾക്കുള്ള ചിലവും, ബത്തയും ഫോൺ ചിലവ്, ചായ സൽക്കാരം, ഇവർ വാങ്ങിച്ച കാറിന്റെയും ഭവനവായ്പയുടെയും പലിശ, ഔദ്യോഗിക വസതിയുടെ വാടക , പുസ്തകങ്ങൾ മുതൽ കണ്ണടയും തോർത്ത് മുണ്ടും ഔദ്യോഗിക വസതിയിലെ ടിവി, ഫ്രിഡ്ജ്, കട്ടിലും കിടക്കയും, ചട്ടിയും കലവും ഉൾപ്പെടെ വാങ്ങിക്കുന്നതും ആഡംബരത്തോടെയും ആർഭാടത്തോടെയും ജീവിക്കാനും എണ്ണിയാൽ ഒടുങ്ങാത്ത ആനുകൂല്യങ്ങൾക്കും വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചിലവഴിച്ചത് 22,23,35,396 രൂപയാണ്. മന്ത്രിമാരുടെ മുൻപേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ഇനത്തിൽ മാത്രം ഒരു വർഷം ഖജനാവിൽ നിന്ന് ചിലവഴിക്കുന്നത് 11 കോടി രൂപയാണ്. 25,000 രൂപ മുതൽ 50,000 രൂപ വരെ സർവ്വീസ് പെൻഷൻ വാങ്ങിക്കുന്നവർ പെൻഷനൊപ്പം 75,000 രൂപ മുതൽ 1,25,000 രൂപ വരെ ശമ്പളവും വാങ്ങി ഇന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി വിവിധ മന്ത്രിമന്ദിരങ്ങളിലുണ്ട്. മുൻ എം.എൽ.എ. മാർക്ക് വേണ്ടി ഒരു വർഷം ചിലവഴിക്കുന്നത് 18 കോടി രൂപയാണ്. അങ്ങനെ 97 ശതമാനം ജനങ്ങൾ നൽകുന്ന നികുതി പണവും അവരെ വീണ്ടും പണയം വെച്ച് സർക്കാർ വാങ്ങിക്കുന്ന വായ്പയിലും ഒരു ന്യൂനപക്ഷം മാത്രം സുഖലോലുപതയിൽ ജീവിക്കുമ്പോൾ സാധാരക്കാരന് സാമൂഹ്യ നീതി പോലും നിഷേധിക്കപ്പെടുന്നു.

  വ്യക്തികളെ പോലെ സർക്കാറും കടം വാങ്ങിയ തുക പ്രത്യുത്പാദനപരമായ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ കടക്കെണിയായിരിക്കും ഫലം. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം സർക്കാർ വാങ്ങിച്ചത് 1,83,686 കോടി രൂപയാണ്. കഴിഞ്ഞ 10 വർഷം പലിശ ഇനത്തിൽ മാത്രം തിരിച്ചടച്ചത് 99,161 കോടി രൂപ ! എന്നാൽ മുതലിനത്തിൽ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങിക്കുന്ന വായ്പയുടെ 87 ശതമാനവും ഉദ്യോഗസ്ഥരുടെ ശബളത്തിനും പെൻഷനും ആനുകൂല്യങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ധനകാര്യ മന്ത്രി തന്നെ വെളിപ്പെടുത്തിയതാണ്. വാങ്ങിക്കുന്ന വായ്പ മുഴുവനും ദൈനംദിന ചിലവുകൾക്ക് ഉപയോഗിക്കുമ്പോൾ അടുത്ത വർഷത്തെ പലിശയ്ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ മേൽ കൂടുതൽ നികുതി ഭാരം അടിച്ചേൽപ്പിക്കേണ്ടി വരുന്നു.

  വാങ്ങിച്ച കടം തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേരളത്തിന്റെ റിസ്ക്ക് റേറ്റിംഗ് വളരെ മോശമായതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇരട്ടിയെലേറെ പലിശ ഈ കടങ്ങൾക്കു കൊടുക്കേണ്ടിവരുന്നു. പലിശ കൊടുക്കുന്നത് മിക്കവാറും അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഡോളർ അടിസ്ഥാനത്തിൽ എടുത്ത കടങ്ങൾ ആയതിനാൽ രൂപയുടെ മൂല്യം അടിക്കടി കുറയുന്നത് കൂടി കണക്കാക്കിയാൽ കൊള്ള പലിശയാണ് ഈ വായ്പകൾക്ക് സർക്കാർ നൽകേണ്ടി വരുന്നത്.
  ലോകത്തു മറ്റെങ്ങും ലഭിക്കാത്ത പലിശ വരുമാനം സ്ഥിരമായി കേരളത്തിൽ നിന്നും ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് , ലോക ബാങ്ക് എന്നീ ആഗോള ബാങ്കിങ് സംവിധാനങ്ങളിലൂടെ കേരളത്തിൽ നിന്നും അവർ കൊയ്യുകയാണ് . അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റ്മാർ മുഖേന ഭീമമായ കമ്മീഷൻ ലഭിക്കുമെന്നതിനാൽ നമ്മുടെ ഭരണാധികാരികൾക്കും ഇത്തരം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുതന്നെ വായ്പയെടുക്കാനാണ് കൂടുതൽ താല്‌പര്യം. രാഷ്ട്രീയ നേതൃത്വങ്ങളുടെ അവിഹിത ബന്ധവും കമ്മീഷനും ഒഴിവാക്കിയപ്പോൾ കൊച്ചി മെട്രോക്ക് 20 വർഷ കാലാവധിക്ക് ലഭിച്ച വായ്പയുടെ പലിശ വെറും 1.3 ശതമാനം മാത്രമാണ്. ഇത് തട്ടിത്തെറിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ കളിച്ച അന്തർ നാടകങ്ങൾ മലയാളികൾ കണ്ടതാണ്. എന്നാൽ മറ്റ് വികസന പ്രവർത്തനങ്ങളുടെ പേരിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് മസാല ബോണ്ട് വഴി സർക്കാർ തരപ്പെടുത്തിയ വായ്പയുടെ പലിശ നിരക്ക് 9.97 ശതമാനം! കേരളത്തിലെ ട്രഷറി ബോണ്ടിന് പോലും 7.25 ശതമാനമേ പലിശയുള്ളൂവെന്നിരിക്കെയാണ് വിദേശ ബോണ്ടുകളുടെ പിന്നാലെയുള്ള ഈ ഓട്ടം. ജില്ലാ സഹകരണ ബാങ്കുകൾ പോലും 7.75 ശതമാനം പലിശയ്ക്കാണ് സർക്കാറിന് വായ്പ നൽകുന്നത്. 2006-07 ൽ 49,875 കോടി രൂപ മാത്രമുണ്ടായിരുന്ന കേരളത്തിന്റെ പൊതുകടം പത്ത് വർഷം കൊണ്ട് 2,36,055 കോടിയിലേക്കാണ് കുത്തനെ ഉയർന്നത്.(പ്രാഥമികമായ കണക്ക് മാത്രമാണിത്. അന്തിമ കണക്ക് വരുമ്പോൾ 2,50,000 കോടി കവിയാനാണ് സാധ്യത) അങ്ങനെ കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനവും പിന്നിട്ട് ബഹുദൂരം മുന്നേറിയിരിക്കുന്നു. ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 86,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്. ഈ സാഹചര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികളും അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും നടത്തിയ കൂട്ടുകച്ചവടത്തിൽ ഒരു ജനതയെ മുഴുവൻ തലമുറകളോളം കടക്കെണിയിലാക്കിയ കാര്യം നമുക്ക് മറന്നു കൂട. വികസന പ്രവർത്തനത്തിനെന്ന പേരിൽ വാങ്ങിക്കുന്ന വായ്പ തുകയുടെ 87 ശതമാനവും സർക്കാറിന്റെ ദൈനംദിന ആവിശ്യങ്ങൾക്ക് വേണ്ടി വകമാറ്റി ചിലവഴിക്കപ്പെടുമ്പോൾ വായ്പകൾക്ക് വേണ്ടി ഒപ്പിട്ട് നൽകുന്ന കരാറിലെ വ്യവസ്ഥകളിലൂടെ നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനങ്ങളെ അവരുടെ നിബന്ധനകൾ വഴി നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണ്. അതിന്റെ ഫലമായി കഴിഞ്ഞ 10 വർഷമായി സർക്കാർ എല്ലാ സേവന മേഖലകളിൽ നിന്നും പിന്മാറി കൊണ്ടിരിക്കുകയാണ്. വിദ്യഭ്യാസ മേഖല സ്വാശ്രയ മേഖലക്ക് തീരെഴുതി കൊടുത്തുകൊണ്ട് സർക്കാർ പൂർണ്ണമായും പിന്മാറി കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സർക്കാർ മേഖലയിൽ ആരംഭിച്ചത് ആകെ 36 സർക്കാർ കോളേജുകളാണ്. എന്നാൽ 1427 സ്വാശ്രയ കോളേജുകളാണ് പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്ത് ആരംഭിച്ചത്. രാഷ്ട്രീയക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ നിന്നും വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ നിന്നുമുള്ള ചികിത്സയ്ക്ക് ഖജനാവിൽ നിന്ന് മെഡിക്കൽ റീ- ഇമ്പേഴ്സ്മെന്റ് നിലനിർത്തിക്കൊണ്ട് പൊതു ജനത്തിന്റെ ആരോഗ്യ സുരക്ഷ സ്വകാര്യ ഇൻഷൂറൻസ് കമ്പിനിക്ക് വിട്ടുകൊടുക്കുകയും ആരോഗ്യ മേഖലയിൽ നിന്നും സർക്കാർ പിന്മാറുകയും ചെയ്തു. അതിന്റെ ഫലമായി വിദ്യഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള സാധാരണക്കാരന്റെ സാമ്പത്തിക ബാധ്യത കുത്തനെ വർദ്ധിക്കുകയാണ്. ഇപ്പോൾ കാർഷിക മേഖലയെ പണയം വെച്ച് ലോക ബേങ്ക് വായ്പയ്ക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ വലിയ താമസമില്ലാതെ കർഷകർക്ക് ലഭിച്ച് കൊണ്ടിരുന്ന എല്ലാ സബ്സിഡികളുടെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ എന്നെന്നേക്കുമായി ഒരു തീരുമാനമാവുകയാണ്.

  ചിലവിന് ആനുപാതികമായി വരുമാനത്തിൽ വർദ്ധനവ് ഇല്ലാത്ത സാമ്പത്തിക ശാസ്ത്രം സംസ്ഥാനത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തെല്ലൊരു ആശ്വാസം പ്രതിക്ഷിച്ച് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സർക്കാർ പോലും കടുത്ത സാമ്പത്തിക ദാരിദ്രം കാരണം ഒരു കമ്മീഷനെ വെച്ച് മൗനം പാലിക്കാൻ നിർബന്ധിതമായിരിക്കുകയാണ്.

  കേരളത്തിലെ ജനങ്ങളുടെ ക്രയശേഷിയും അവരുടെ വരുമാനത്തിൽ നിന്നുണ്ടാവുന്ന വികസന പ്രതിഫലവും ഈടു വെച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ സർക്കാറിന് വായ്പ നൽകുന്നത്. ഇന്നത്തെ ജനം വോട്ടു നൽകി അധികാരത്തിലിരുത്തിയവർക്ക് വരും തലമുറയെ കൂടി പണയം വെച്ച് കടമെടുക്കാൻ ജനാധിപത്യം അനുവദിക്കുന്നുണ്ടോ എന്നത് വലിയൊരു ചോദ്യമായി നില നിൽക്കുന്നു. വാങ്ങിക്കുന്ന കടം എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് പോലും പൊതുജനം അറിയുന്നില്ല. ജീവനക്കാർക്കും രാഷ്ട്രീയ നേതാക്കൾക്കും മാത്രം തിന്നു കൊഴുക്കാൻ കടം നൽകി മുൻപെങ്ങും ലോകം കണ്ടിട്ടില്ലാത്ത സാമ്രാജ്യത്ത അടിമത്തത്തിലേക്കു നമ്മളെ ഇവർ തള്ളി വിടുമ്പോൾ സാമ്പത്തിക അടിയന്തിരാവസ്ഥയെന്ന ഭരണഘടനയുടെ മുന്നൂറ്റി അറപതാമത്തെ അനുച്ഛേദമാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് നാം മറക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഭരിക്കുമ്പോൾ അതിനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

  സോഷ്യലിസമെന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്ത ഭരണഘടനയുള്ള രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായ രീതിയിലാണ് വർദ്ധിക്കുന്നത്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ ജീവിത നിലവാരത്തിൽ ജീവിക്കുന്ന വ്യവസ്ഥിതിയെയാണല്ലോ സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെ കർഷകരുടെയും സാധാരണക്കാരുടെയും അവസ്ഥ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കി കണാൻ ശ്രമിച്ചാൽ രാജ്യത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിലും താഴെയാണ് അവരുടെ ജീവിത നിലവാരം എന്ന് കാണാം. 10 വർഷം മുമ്പ് കർഷകന് നൽകിയ പെൻഷൻ 500 രൂപ. അന്ന് സർവ്വീസ് പെൻഷനർക്ക് ലഭിച്ച പെൻഷൻ 7801 രൂപ. പത്ത് വർഷത്തിന് ശേഷം ഇന്ന് കർഷക പെൻഷനടക്കമുള്ള ക്ഷേമ പെൻഷൻ 1100 രൂപയിലേക്ക് വർദ്ധിച്ചപ്പോൾ സർവ്വീസ് പെൻഷണറുടെ പെൻഷൻ 41,800 രൂപയിലേക്കാണ് വർദ്ധിച്ചത്. കർഷകന് അതും ആണ്ടിനും ശങ്കരാന്തിക്കും കിട്ടിയാൽ കിട്ടി.

  ഒരു പുരുഷായുസ്സിനിടയിൽ ടൺ കണക്കിന് ഭക്ഷ്യധാന്യമുണ്ടാക്കി സമൂഹത്തിന്റെ വിശപ്പ് അകറ്റിയവൻ. നൂറ് കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകിയവൻ. രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗാന്ധിജി വിശേഷിപ്പിച്ച കർഷകന് ജീവിത സായാഹ്നത്തിൽ ലഭിച്ച വാർദ്ധക്യകാല പെൻഷൻ പോലും ഇന്ന് സർക്കാർ നിഷേധിച്ചു. കാരണം അവൻ കർഷക പെൻഷൻ വാങ്ങിക്കുന്നു. ഇരട്ട പെൻഷൻ പാടില്ല. ഫാനിനടിയിലും എയർ കണ്ടീഷൻ മുറിയിലുമിരുന്ന് ജോലി ചെയ്ത് വിരമിച്ച ഒരു സർക്കാർ ജീവനക്കാരന് അരലക്ഷം രൂപയോളം പെൻഷൻ നൽകുമ്പോൾ കർഷകന് ലഭിക്കുന്ന നാമമാത്ര പെൻഷൻ പോലും നിരാകരിക്കുന്നു.

  ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു സംസ്ഥാനം ഏറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഈ കടത്തിന്റെ പലിശ എങ്ങനെയാണ് തിരിച്ചടയ്ക്കുക ? കിട്ടുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതം വെച്ച് എടുക്കുമ്പോൾ വായ്പയുടെ പലിശ അടയ്ക്കാൻ ജനങ്ങളുടെ തലയിൽ വീണ്ടും നികുതിഭാരം അടിച്ചേൽപ്പിക്കപ്പെടും. അതായത് മൂന്ന് ശതമാനം വരുന്ന സംഘടിത വിഭാഗത്തിന് ആർഭാടമായും ആഡംബരത്തോടെയും ജീവിക്കാനാവിശ്യമായ പണം ഉണ്ടാക്കി നൽകേണ്ട ബാധ്യത സാധാരണക്കാരനാണ്.

  ജനസംഖ്യയിൽ 97 ശതമാനം വരുന്ന ജനതയുടെ കാര്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സർക്കാറിന്റെ കയ്യിൽ ഒരു നയാ പൈസയും ഇല്ല.

  ഖജനാവിൽ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമാണ്. ഇവ രണ്ടിന്റെയും ഉപഭോക്താക്കൾ സാധാരണ ജനങ്ങളും ഗുണഭോക്താക്കൾ ഉദ്യോഗസ്ഥരുമാണ്. അതായത് സാധാരണക്കാരന്റെ കീശയിൽ കയ്യിട്ട് വാരി സംഘടിതമായ ഒരു ശക്തിയെ സംരക്ഷിക്കുന്ന ഒരു ഏജന്റ് മാത്രമാണ് ഇന്ന് സർക്കാർ.

  ഔദ്യോഗിക കണക്ക് അനുസരിച്ച് 21,698 സ്ത്രീകളാണ് ഇന്ന് കുടുംബം പുലർത്താനായി സ്വന്തം ശരീരം വിറ്റ് കേരളത്തിൽ ജീവിക്കുന്നത്.

  കഴിഞ്ഞ 20 വർഷത്തിനിടയിൽ 23,973 കർഷകരാണ് കടബാധ്യത കാരണം കേരളത്തിൽ ആത്മഹത്യ ചെയ്തത്. അപ്പോൾ എവിടെയാണ് സോഷ്യലിസം ? ആർക്കാണ് സോഷ്യലിസം ? സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം പൂർണ്ണമായും ജനസംഖ്യയിൽ 3 ശതമാനം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി വിനിയോഗിക്കപ്പെടുമ്പോൾ ജനസംഖ്യയിലെ 97 ശതമാനം ജനങ്ങൾക്കും സർക്കാറിൽ നിന്നും ഒന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതു കൊണ്ട് തന്നെ ഭരണഘടന ഉറപ്പ് നൽകുന്ന സോല്യലിസം നടപ്പിലാവേണമെങ്കിൽ സാർവ്വത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.
  55 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാനാവിശ്യമായ പെൻഷൻ നൽകേണ്ടത് സർക്കാരിന്റെ ബാധ്യത ആണ്. കർഷകർ എന്നോ കർഷക തൊഴിലാളി എന്നോ ഉദ്യോഗസ്ഥൻ എന്നോ വേർതിരിവിന്റെ ആവിശ്യമില്ല. ജീവിക്കാൻ ആവശ്യമായതിലും കൂടിയ തുക ആർക്കും പെൻഷൻ നൽകേണ്ടതില്ല.

  സംസ്ഥാനത്തിന്റെ പൊതു വരുമാനം ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ശമ്പളമായി ലഭിക്കുന്ന തുകയുടെ 45 ശതമാനം മാത്രമാണ് പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 55 ശതമാനവും സ്വർണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നതുവഴി അത്രയും തുക നിഷ്ക്രിയമാക്കപ്പെടുന്നു. അതു കൊണ്ട് പൊതുസമൂഹത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല.

  ഒരു മൂന്നംഗ കുടുംബത്തിന് ഒരു മാസം മാന്യമായി ജീവിക്കാൻ 25,000 രൂപയേ വേണ്ടൂ. 40,000 രൂപ ശമ്പളം കിട്ടുന്ന ഒരാളെ സംബന്ധിച്ച് 25,000 കഴിച്ച് ബാക്കി 15,000. രൂപ സുരക്ഷിത നിക്ഷേപമായി മാറ്റുന്നു. ഇതിന്റെ പലിശ അദ്ദേഹത്തിന് ലഭിക്കുമ്പോൾ അതു കൊണ്ട് പൊതു സമൂഹത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല. 40,000 രൂപ ശമ്പളം 65,000 രൂപയായി വർദ്ധിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വർദ്ധിക്കുന്നില്ല. ശബളം വർദ്ധിപ്പിച്ച് കിട്ടുമ്പോൾ ചിലപ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചെന്നിരിക്കാം. അപ്പോൾ പ്രതിമാസ ചിലവ് 25,000 ൽ നിന്ന് 30,000 ആയി വർദ്ധിക്കാം. പക്ഷേ ശബളത്തിൽ ചിലവ് കഴിച്ച് ബാക്കി വരുന്ന തുക 15,000 ൽ നിന്ന് 35,000 രൂപയായി വർദ്ധിക്കുന്നു. അതായത് ശബളം വർദ്ധിച്ചപ്പോൾ ഡിപ്പോസിറ്റായി അല്ലെങ്കിൽ നിഷ്ക്രിയമായി മാറുന്ന തുക 15000 ൽ നിന്ന് 35000 ആയി വർദ്ധിക്കുന്നു. ശബള വർദ്ധനവ് വഴി ഖജനാവിൽ നിന്ന് പുറത്തേക്ക് പോകുന്ന പണത്തിന്റെ അളവ് കൂടുമ്പോൾ നിഷ്ക്രിയമാക്കപ്പെടുന്ന പണത്തിന്റെ തോത് കൂടുന്നു. എന്നാൽ കമ്പോളത്തിലേക്ക് പോകുന്നതിന്റെ തോത് കൂടുന്നില്ല. ഖജനാവ് അക്ഷയപാത്രമല്ലാത്തതിനാൽ ഖജനാവിൽ നിന്ന് പുറത്തേക്ക് പോകുന്ന പണം കമ്പോളത്തിൽ പോയി കമ്പോളത്തെ ചലിപ്പിക്കുകയും കമ്പോളത്തിലെ വിനിമയത്തിലൂടെ നികുതിയായി ഖജനാവിലേക്ക് തിരികെയെത്തിയാൽ മാത്രമേ ഖജനാവിൽ വീണ്ടും പണം ഉണ്ടാവൂ. ശമ്പള വർദ്ധനവിലൂടെ ഖജനാവിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പണത്തിൽ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ജീവിത നിലവാരം ഉയരുകയും ഖജനാവിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പൊതു വരുമാനം കൊണ്ട് കമ്പോളത്തിലെ വിനിമയത്തിലൂടെ ഉയരേണ്ട ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിത നിലവാരം താഴോട്ട് പോകുകയുമാണ് ചെയ്യുന്നത്. പണം എപ്പോഴും ചലിച്ച് കൊണ്ടിരിക്കേണം. എന്നാൽ മാത്രമേ സമൂഹത്തിന് അതിന്റെ ഗുണം ലഭിക്കൂ. പണം ചലിക്കണമെങ്കിൽ സാധാരണക്കാരന്റെ കൈകളിൽ പണം വരണം. എങ്കിൽ മാത്രമേ ചെറുകിട- നാമമാത്ര കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം നടക്കൂ. ഓട്ടോ-ടാക്സി തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും നിർമ്മാണ തൊഴിലാളികൾക്കും തൊഴിലും വരുമാനവും ഉണ്ടാവണമെങ്കിൽ സാധാരണക്കാരന്റെ കൈകളിൽ പണം വരണം. അവന്റെ കൈകളിൽ പണം വരണമെങ്കിൽ പൊതു വരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലും എത്തണം. അത് പൊതുമാർക്കറ്റിലേക്ക് ഇറങ്ങുകയും മാർക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവിൽ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തുകയും ചെയ്യണം.

  ഖജനാവിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പണം ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുമ്പോഴും സാമ്പത്തിക മേഖലയെ ചലിപ്പിച്ചത് പ്രവാസികളുടെ പണമായിരുന്നു. സംസ്ഥാന ജി.ഡി.പി.യുടെ 36 ശതമാനവും പ്രവാസികളുടെ സംഭാവനയായിരുന്നു. 2012 ൽ ഒരു വീപ്പയ്ക്ക് 116 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡോയിലിന്റെ വില 2015 ൽ 50 ഡോളറിലേക്ക് കൂപ്പുകുത്തിയതോടെ ഗൾഫ് മേഖലയിൽ പ്രതിസന്ധികൾ ആരംഭിക്കുകയും സൗദിയും കുവൈറ്റുമടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണം ആരംഭിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രതിഫലനം ആരംഭിച്ചു. 2017-18 ൽ 85,000 കോടി രൂപയാണ് ഔദ്യോഗിക മാർഗ്ഗത്തിലൂടെ കേരളത്തിലെത്തിയ പ്രവാസികളുടെ പണം. 2018-19 അത് 65,000 കോടിയായി കുറഞ്ഞു. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030 പ്രകാരം സൗദിയിൽ മാത്രം 5,61,000 തൊഴിലുകളിൽ സ്വദേശവൽക്കരണ നടപടികൾ പൂർത്തിയായി. അതോടൊപ്പം വിസ, തൊഴിൽ നിയമങ്ങളുടെ പേരിൽ 7,30,000 വിദേശികളെ യാണ് 2017 നവംബർ 15 ന് ശേഷം സൗദി സർക്കാർ പുറത്താക്കിയത്. കേരളം ഗൾഫ് പണം കൊണ്ട് വീർപ്പിച്ച ബലൂൺ മാത്രമാണെന്നും ഗൾഫ് പണം നിലച്ചാൽ ആ ബലൂൺ പൊട്ടുമെന്നും പറഞ്ഞ സാമ്പത്തിക വിദഗ്ദൻ അമർത്ഥ്യാസെന്നിന്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയാണ്.

  ഗൾഫിൽ നിന്നുള്ള ധന ഒഴുക്ക് കുറഞ്ഞപ്പോൾ മറുവശത്ത് കേരളത്തിന്റെ സമ്പദ്ഘടനയെ പിടിച്ച് നിർത്തുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയാണ്. 2018-19 ൽ 2680 കോടി രൂപയാണ് കേന്ദ്ര ഖജനാവിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളിലൂടെ കേരളത്തിന്റെ കമ്പോളത്തിലേക്കും അത് വഴി നികുതിയായി സംസ്ഥാന ഖജനാവിലേക്കും എത്തിയത്.

  ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന അവസ്ഥയിലാണ് കേരള ജനത. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴാണ് മഹാപ്രളയം കടന്ന് വന്നത്. 40,000 കോടിയുടെ നഷ്ടമുണ്ടാക്കിയ പ്രളയം ഭരണകൂടത്തിന് അനുഗ്രഹമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മഹാപ്രളയം സൃഷ്ടിച്ച കഷ്ടപ്പാടിൽ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾ മറന്നു. മൂക്കറ്റം കടത്തിൽ മുങ്ങി പുതിയ കടങ്ങൾ കിട്ടാനുള്ള മാർഗ്ഗങ്ങളെല്ലാം അടഞ്ഞപ്പോഴാണ് പ്രളയത്തിന്റെ അനുഗ്രഹത്താൽ ലോകബാങ്കിന്റെ അടക്കം വാതിലുകൾ തുറക്കപ്പെട്ടത്.
  പ്രളയത്തിന്റെ പേരിലുള്ള വായ്പകൾ സർക്കാർ ഖജനാവിലേക്ക് എത്തുമ്പോഴേക്കും ഖജനാവിന്റെ മുമ്പിൽ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. 1700 കോടി രൂപയുടെ ഉദ്യോഗസ്ഥരുടെ ക്ഷാമബത്ത കുടിശ്ശിക, മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പളവർദ്ധനവിന്റയും ക്ഷാമബത്തയുടെയും കുടിശ്ശിക, പതിനൊന്നാം ശബള കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള ശബള വർദ്ധനവിനത്തിൽ കണ്ടെത്തേണ്ട കോടികൾ, ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷൂറൻസിന് വേണ്ടി റിലയൻസിന് നൽകേണ്ട 425 കോടി അങ്ങനെ പ്രളയത്തിന്റെ പേരിൽ കിട്ടാൻ പോകുന്ന കടങ്ങളും മൂന്ന് ശതമാനം ജനങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ ഉറപ്പിച്ച് കഴിഞ്ഞു.
  കേരളം ഉടനെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥയിലേക്ക് മാറിയില്ലായെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ന് താങ്കൾ ഇന്ത്യയെന്ന സ്വതന്ത്ര രാജ്യത്ത് ജീവിക്കാൻ അവകാശമുള്ള ഒരു പൗരനല്ല. എ.ഡി.ബി.യുടെയും ലോക ബാങ്കിന്റെയും നിബന്ധനകൾക്ക് വിധേയമായി ജീവിക്കാൻ വിധിക്കപ്പെട്ട സംസ്ഥാന സർക്കാർ പണയം വെച്ച ഒരു പണയ വസ്തു മാത്രമാണ് താങ്കൾ.

  മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് കൂടി താരതമ്യം ചെയ്യുമ്പോൾ മാത്രമേ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാവുകയുള്ളൂ.

  കേരളം
  ജനസംഖ്യ:3,33,97,677
  ഉദ്യോഗസ്ഥർ: 5,11,075
  പെൻഷനേഴ്സ് :4,9,488
  ശമ്പള ചിലവ്: റവന്യൂ വരുമാനത്തിന്റെ 47 ശതമാനം
  പെൻഷൻ ചിലവ്: റവന്യു വരുമാനത്തിന്റെ 31 ശതമാനം
  കടബാധ്യത: 2,36,055 കോടി

  കർണാടക
  ജനസംഖ്യ: 6,11,30,704
  ഉദ്യോഗസ്ഥർ: 7,03,631
  പെൻഷനേഴ്‌സ്: 5,01,072
  ശബള ചിലവ്: റവന്യൂ വരുമാനത്തിന്റെ 20 ശതമാനം
  പെൻഷൻ ചിലവ്: റവന്യൂ വരുമാനത്തിന്റെ 9 ശതമാനം
  കടബാധ്യത: 1,14,401 കോടി.

  ആന്ധ്ര
  ജനസംഖ്യ: 8,45,80,777
  ഉദ്യോഗസ്ഥർ: 10,77,101
  പെൻഷനേഴ്‌സ്: 5,66,286
  ശബള ചിലവ്: റവന്യൂ വരുമാനത്തിന്റെ 24 ശതമാനം)
  പെൻഷൻ ചിലവ്: റവന്യു വരുമാനത്തിന്റെ 13 ശതമാനം
  കടബാധ്യത: 1,54,950 കോടി
  (സർക്കാറിന്റെ ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ. ഒരു താരതമ്യ പഠനത്തിനാണ് മറ്റ് സംസ്ഥാനങ്ങളുടെ 2017-18 ലെ കണക്ക് ചേർത്തത്. 2018-19 ലെ കണക്കുകൾ തയ്യാറാവുന്നേ ഉള്ളുവെന്നാണ് ലഭ്യമായ വിവരം.)

  തയ്യാറാക്കിയത്,
  അഡ്വ.വി.ടി. പ്രദീപ് കുമാർ,
  കോ-ഓഡിറേറ്റർ
  ദി പീപ്പിൾ
  9947243655
  [email protected]