കെയുഡബ്ല്യൂജെ പിടിച്ചെടുക്കാനുള്ള ജനറൽ സെക്രട്ടറി നാരായണന്റെ നീക്കത്തിൽ പ്രതിഷേധം ശക്തം

  കോഴിക്കോട്: കണ്ണൂരിൽ സഹകരണ സംഘങ്ങൾ കയ്യടക്കുന്ന മാതൃകയിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) പിടിച്ചെടുക്കാനുള്ള ജനറൽ സെക്രട്ടറി സി.നാരായണന്റെ നീക്കത്തിൽ സംഘടനയിൽ പ്രതിഷേധം ശക്തം. തിരഞ്ഞെടുപ്പിനു മുന്നോടിയായി കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന കീഴ്‌വഴക്കം പാലിക്കാത്ത നടപടിയാണ് അമർഷത്തിനിടയാക്കിയത്. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പു വർഷത്തിൽ മാർച്ച് മാസത്തോടെ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും പരാതികൾ നൽകി തിരുത്താനായി ഒരു മാസത്തെ സമയം അനുവദിക്കുകയുമാണു പതിവ്. ഇത്തവണ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാതെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കാനാണ് സംസ്ഥാന ഭരണസമിതിയുടെ തീരുമാനം. നാളെയും മറ്റന്നാളുമായി വയനാട്ടിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ വരണാധികാരിയെ പ്രഖ്യാപിച്ച് വോട്ടർപട്ടിക കൈമാറും. വരണാധികാരിക്ക് വോട്ടർപട്ടികയിൽ മാറ്റം വരുത്താൻ അധികാരമില്ലാത്തതിനാലും തിരഞ്ഞെടുപ്പു നടപടികൾ സെപ്റ്റംബറിൽ പൂർത്തിയാക്കേണ്ടതിനാലും ഇനി പരാതികൾ പരിഹരിക്കാൻ സമയമില്ല.

  രണ്ടു തവണയായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള സി.നാരായണൻ ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാനുള്ള തയാറെടുപ്പിലാണ്. ഒരേ സ്ഥാനത്തു രണ്ടു തവണയിലധികം അനുവദനീയമല്ലാത്തതിനാലാണ് പദവി മാറുന്നത്. സംഘടനയിൽ നാരായണ വിരുദ്ധ വികാരം ശക്തമായുള്ള സാഹചര്യത്തിൽ വിജയം എളുപ്പമല്ലെന്നു കണ്ടു ‘സഹകരണ സംഘ’ തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്. കരാർ ജീവനക്കാർക്കും യൂണിയനിൽ അംഗത്വം നൽകാനുള്ള തീരുമാനത്തിന്റെ മറ പിടിച്ചാണ് ക്രമക്കേടു നടത്തിയത്. കരാർ ജീവനക്കാർക്ക് അംഗത്വത്തിനുള്ള നിബന്ധനകൾ പാലിക്കാതെയാണ് അംഗത്വം നൽകിയിട്ടുള്ളത്. അനധികൃതമായി നൽകിയ അംഗത്വങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് കരടു വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒഴിവാക്കിയത്.

  തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും അക്ഷരാർഥത്തിൽ കുപ്പിയിലിറക്കാനും നാരായണൻ ശ്രമിക്കുന്നുണ്ട്. പത്തനംതിട്ടയിൽ ചേർന്ന കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിനു ശേഷം അംഗങ്ങളെ ഗവിയിൽ കൊണ്ടു പോയി സൽക്കരിച്ചിരുന്നു. സംസ്ഥാന സമിതി യോഗത്തിനിടെയുണ്ടായ കശപിശയും തർക്കങ്ങളും ഗവിയിലെ മദ്യസൽക്കാരത്തിൽ അലിഞ്ഞു പോയി. ഇത്തവണ വയനാട് യോഗം 25നു ചേരുന്നതിനു മുന്നോടിയായി 24നു അംഗങ്ങൾക്കായി വിനോദ യാത്രയും മദ്യ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. തർക്കങ്ങളില്ലാതെ അന്തിമ വോട്ടർപട്ടിക അംഗീകരിച്ചു തിരഞ്ഞെടുപ്പു നടപടികളിലേക്കു കടക്കാനാണ് മുന്നോടിയായുള്ള കുപ്പി പൊട്ടിക്കൽ ചടങ്ങ്.

  നാരായണന്റെ തന്ത്രങ്ങളിൽ അസന്തുഷ്ടരായ എതിർവിഭാഗം വയനാട് യോഗത്തിൽ കരടു വോട്ടർപട്ടിക വിഷയം ശക്തമായി ഉന്നയിക്കാനുള്ള പുറപ്പാടിലാണ്. പത്രപ്രവർത്തക യൂണിയനെ കണ്ണൂർ രീതിയിൽ പിടിച്ചെടുക്കുന്നതു തടയാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കാനൊരുങ്ങുകയാണു നാരായണ വിരുദ്ധർ.

  LEAVE A REPLY

  Please enter your comment!
  Please enter your name here