ഒരു പ്രവാസിയുടെ മടക്ക യാത്ര

  ‘ക്രൂരൻ’!

  ഒറ്റ നോട്ടത്തിലുള്ള വായന കഴിഞ്ഞപ്പോൾ എല്ലാവരെപ്പോലെയും ചിന്തിച്ചത് ഇതാണ്. അദ്ദേഹം നടത്തിയത് ഒരു ക്രൂരകൃത്യം തന്നെയാണ് ജ്യേഷ്ഠന്റെ ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി. വിശേഷമറിഞ്ഞ് വീടിന് മുന്നിൽ ജനങ്ങൾ തടിച്ചു കൂടി. കൊലപാതകം നടത്തിയ ശേഷം ലവലേശം കൂസലില്ലാതെ വീട്ടിന് മുന്നിലെ കസേരയിൽ കൈകളിൽ ചോരക്കറയുമായി പോലീസിനെ കാത്തിരിക്കുകയാണ് മുൻ പ്രവാസി. ക്രൂരനെന്നല്ലാതെ പിന്നെ അദ്ദേഹത്തെ എന്ത് വിളിക്കും? കൊലപാതകത്തെക്കുറിച്ചുള്ള ഓർമ്മകൾ മങ്ങിത്തുടങ്ങിയപ്പോഴാണ് പരിസരവാസിയായ ഒരാളെ കണ്ടുമുട്ടുന്നത്. സംഭവം അദ്ദേഹം വിശദീകരിച്ചതിങ്ങനെയും:

  ഏറെ കാലമായി ഗൾഫ്‌ രാജ്യത്തെവിടെയോ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മിച്ചം വെച്ചു കൂട്ടിവെച്ച പണം കൃത്യമായി നാട്ടിലേക്കയച്ചു. കുടുംബത്തെ നോക്കുന്നതിനോപ്പം ഒരു വീടും ഉണ്ടാക്കി. അകലെ നിന്ന് കാര്യങ്ങൾ നടത്തുന്നത് ചിന്തിച്ച് തനിക്ക് വേണ്ടി ‘മരിക്കാൻ വരെ തയ്യാറായിരിക്കുന്ന ബന്ധുജനങ്ങളുടെ പേരിലാണ് ഒക്കെ. അങ്ങനെ കാലങ്ങൾക്ക് ശേഷം ഒക്കെ വിറ്റുപെറുക്കി നാട്ടിലേക്ക് സ്വസ്ഥജീവിതം കൊതിച്ചെത്തിയ പ്രവാസിയോട്‌ ബന്ധുക്കൾ പറഞ്ഞതിതാണ്, നിനക്കായി ഇവിടെ ഒന്നുമില്ല. ഞെട്ടലിന്റെ ആ നിമിഷം കുറച്ചു കാലമെങ്കിലും പ്രവാസ ജീവിതം നയിച്ച ഒരാൾക്ക് മനസ്സിലാക്കാവുന്നതാണ്.

  താനുണ്ടാക്കിയ വീട്ടിൽ ഇപ്പോൾ മറ്റൊരു കുടുംബം സുഖലോലുപതയിൽ ജീവിക്കുന്നു, എല്ലാറ്റിനുമുപരി ‘ഒന്നും നിന്റെതല്ല, ജീവിതം നമ്മുടെ ഔദാര്യമാണ്‌∍ എന്ന തരത്തിലുള്ള കാഴ്ചപ്പാടോടെ തന്റെ സർവ്വസ്വവുമെന്ന് കരുതിയ ബന്ധുക്കൾ. കുത്തു വാക്കുകൾ കൂടിയായപ്പോൾ അദ്ദേഹം ആ കടുംകൈ ചെയ്തു. പക്ഷെ ആ ചെയ്തിയിൽ, ചെയ്യണമെന്ന് കരുതിയിരുന്നില്ലെങ്കിലും ഒരു കുരുന്നു ജീവൻ കൂടി അദ്ദേഹം അപഹരിച്ചു. ഏറ്റവും ഉയർന്ന മന:സാക്ഷിയെന്ന നീതിന്യായ കോടതിയിൽ താൻ കുറ്റക്കാരനല്ല എന്ന ചിന്ത കൊണ്ടാകണം അദ്ദേഹം കൊലപാതകത്തിന് ശേഷം അതേ വീടിന്റെ ഉമ്മറത്ത് നിയമ പാലകരെ കാത്തിരുന്നു.

  പ്രധാനമായും രണ്ടു കാര്യങ്ങൾ ഇവിടെ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്‌. ഒന്ന് വാർത്തകളുടെ മറുപുറം, രണ്ടാമത്തേത് പ്രവാസികളെ ഒരു തരത്തിൽ വേട്ടയാടുന്ന ഒരു സാമൂഹിക പ്രശ്നവും. ഇവിടെ ഏറ്റവും പ്രസക്തമായത് രണ്ടാമത്തെതെന്ന് വിശ്വസിക്കുന്നു.

  ഭാരതീയനെന്നു അഭിമാനിക്കുന്പോഴും, രാജ്യം വിട്ട് പ്രവാസജീവിതം തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച കാര്യങ്ങൾ പലരും വിസ്മരിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. യാത്രയ്ക്കൊരുങ്ങുന്പോൾ വഴിച്ചിലവിനു പോലും കൈനീട്ടി യാചിക്കുന്ന പലരെയും കാണാം നമുക്ക് ചുറ്റും. പക്ഷെ, ഏതാനും കാലത്തെ പ്രവാസത്തിൽ സൗകര്യപൂർവ്വം നമ്മളത് മറക്കുകയാണെന്ന് വേണം പറയാൻ. തിരിച്ച് യാത്ര തിരിക്കാനുള്ള സമയമടുക്കുംന്പോഴേക്കും രാജ്യസ്നേഹവും ഗൃഹാതുരത്വവും അതിന്റെ പാരമ്യത്തിലെത്തിയിരിക്കും. അവശേഷിക്കുന്ന പണവുമായി ഒരു യാത്ര. താനനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ തന്റെ പ്രിയപ്പെട്ടവരെ അറിയിക്കാനുള്ള തത്രപ്പാട്, ദാനധർമ്മങ്ങൾ− ഒക്കെക്കഴിഞ്ഞ് യാത്ര തിരിക്കുന്പോൾ വർഷങ്ങൾക്കു മുന്പ് നാടുവിട്ട അതേയിടത്തായിരിക്കും മിക്കവരും. പക്ഷെ, ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

  ‘വരവേൽപ്പ്’ എന്ന ചലച്ചിത്രം ആരും മറന്നു കാണില്ല. ഒരു പ്രവാസിയുടെ തിരിച്ച് വരവ് ഇത്രയും ഭംഗിയായി ചിത്രീകരിച്ച ഒരു കലാസൃഷ്ടിയും കാണില്ലെന്ന് തന്നെയാണ് വിശ്വാസം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നമ്മുടെ മനോഭാവം ഇതൊക്കെത്തന്നെയാണെന്നത് ആശ്ചര്യമുണ്ടാക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതത്തിൽ തന്നെ പ്രാവർത്തികമാക്കാത്ത, ജീവിത വിജയം കണ്ടിട്ടില്ലാത്ത സുഹൃത്−ബന്ധുജനങ്ങൾ തന്നെ പണമുപയോഗിക്കാൻ/ഉണ്ടാക്കാനുള്ള വഴികൾ ഉപദേശിക്കുന്പോൾ എവിടെയൊക്കെയോ ഒരു ചേർച്ചയില്ലായ്മയും ഇതിലുണ്ട്. കൺമുന്നിൽ തന്നെ ഒത്തിരി പേർ, ഒടുവിൽ സിനിമയിലെ നായകനെപ്പോലെ ഒറ്റപ്പെടലിന്റെ, വിരഹത്തിന്റെ ആ പ്രവാസജീവിതത്തിലേക്ക് തിരിച്ചു പോകുന്നതും കണ്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ പാഠമുൾക്കൊണ്ട് യാഥാർത്ഥ്യബോധത്തിലേക്ക് ഉണർന്നിരുന്നെങ്കിൽ എന്നാശിക്കുന്നു.

  നേരത്തെ പറഞ്ഞ കഥ, ഭീതിയുണ്ടാക്കാനല്ല, പകരം ജീവിതത്തെക്കുറിച്ച് തെളിഞ്ഞതും, യാഥാർത്ഥ്യബോധമുള്ളതുമായ ഒരു കാഴ്ചപ്പാടിന് വേണ്ടിയുള്ളതാണ്. സ്വന്തം അദ്ധ്വാനത്തിന്റെ വില മറ്റുള്ളവരെ വിശ്വസിച്ചേൽപ്പിച്ച് ദുരന്തമേറ്റുവാങ്ങിയയാളോട് പുച്ഛം തോന്നുകയാണെങ്കിൽ, ഒരു തരത്തിൽ നമ്മളുമൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അത്തരം പുച്ഛമർഹിക്കുന്നുണ്ട്. ‘സ്വാർത്ഥം’ എന്നത് വെറുപ്പോടെ കാണേണ്ടുന്ന വാക്കല്ല. ഭൂമിയിലെ സകല ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമാണത്. കൊന്നവനും കൊല്ലപ്പെട്ടവനുമൊക്കെ ഇതേ കാര്യത്തിനായിരുന്നു നിലകൊണ്ടത്. ലളിതമായ രീതിയിൽ, മന:സംതൃപ്തിയോടെ ജീവിക്കാനുള്ളത് നമുക്ക് പ്രകൃതി നൽകിയിരിക്കുന്നു. അതിനെ വേണ്ട രീതിയിൽ എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യം മാത്രമേ നാം ചിന്തിക്കേണ്ടതുള്ളൂ എന്നാണ് യാഥാർത്ഥ്യം.

  അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി, കഴുത്തിൽ ഇറുകിപ്പിടിച്ചിരുന്ന വേഷവിധാനങ്ങൾ മാറ്റി, ഖദർ ഷർട്ടിന്റെയും നേർത്ത മുണ്ടിന്റെയും സുഖം ആസ്വദിച്ച്, നാടിന്റെ സുഗന്ധം ആഞ്ഞു ശ്വസിച്ച് ഒരു ടാക്സിക്കാരനോട് യാത്രാച്ചിലവെത്രയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം വിരൽ ചൂണ്ടിയത് ദൂരെ പൊടിപടലങ്ങൾക്കിടയിലൂടെ സാവധാനം നിരങ്ങി നീങ്ങുന്ന ബസ്സുകളിലേക്കാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടുമുടിച്ച് ബാക്കിയായ തുക കൊണ്ട് തല്ലിക്കൂട്ടിയ കുണ്ടും കുഴിയിലൂടെ ബസ് മുന്നോട്ട് നീങ്ങുന്പോൾ മനസ്സ് നീങ്ങിയത് കാലങ്ങൾ പിറകിലെക്കും. ഒന്നും മാറിയിട്ടില്ല, ചുറ്റുമുള്ളവരുടെ കാഴ്ചപ്പാടുകൾ വരെ! മിതമായി സംസാരിക്കുന്നവൻ വിഡ്ഢിയാണ്, ലളിതമായ വസ്ത്രം ധരിക്കുന്നവൻ ദരിദ്രനാണ്, കോടികൾ ബാധ്യത വരുത്തി മണിമാളികകളിൽ ജീവിക്കുന്നവർ ധനികന്മാരാണ്, അവരുടെ തോരാത്ത വാക്കുകൾ വേദവാക്യങ്ങളാണ്.

  ഏതൊരു പ്രവാസിയുടേയും പ്രവാസ ജീവിതത്തിന്റെ ഒടുവിൽ ഒരു തിരിച്ചു പോക്കുണ്ട് – മാതൃരാജ്യമെന്ന യാഥാർത്ഥ്യത്തിലേക്ക് ഒരു തിരിച്ചു പോക്ക്. പ്രവാസത്തിലെ തിരക്കുകളിൽ സ്വയം മറന്ന് ജീവിക്കുന്പോൾ, ഉള്ളിലെവിടെങ്കിലും ഒരു മൗനം കാത്തുസൂക്ഷിക്കുക. തെളിവാർന്ന ആ മൗനത്തിൽ നമുക്ക് കാണാം, നാം അന്വേഷിച്ചു നടക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം. അവസാന ലക്ഷ്യം ആറടി മണ്ണിലേക്കാണെങ്കിലും, അവിടത്തേക്കുള്ള യാത്ര പ്രത്യക്ഷത്തിൽ നീണ്ടതാണല്ലോ?

  കൊലപാതകം നടന്ന് ഏറെ മാസങ്ങളായി. ജ്യേഷ്ഠന്റെ ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി വീട്ടിന് മുന്നിലെ കസേരയിൽ കൈകളിൽ ചോരക്കറയുമായി പോലീസിനെ കാത്തിരിക്കുന്ന ഒരു മനുഷ്യൻ ഇപ്പോഴും കണ്ണുകളെ വേട്ടയാടുന്നു. പക്ഷെ ഇത്തവണ അദ്ദേഹത്തോട് വെറുപ്പല്ല, പകരം ചിന്തകളിൽ ആ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നു പോയിരിക്കാവുന്ന ചിന്തകൾ തന്നെയാണ്. ജയിലറയുടെ ഏതെങ്കിലും മൂലയിൽ അദ്ദേഹം ജീവിക്കുന്നുണ്ടാകും, പൊയ്പ്പോയ ഒരു നല്ലകാലത്തിന്റെ ഓർമകളുമായി!

  LEAVE A REPLY

  Please enter your comment!
  Please enter your name here