ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ, ജില്ലയിൽ മാത്രം 9 പേര്‍

    ഇടുക്കി: ശാന്തന്‍പാറ പൂപ്പാറയ്ക്ക് സമീപം കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ സ്വയം വെടിവെച്ച് മരിച്ചു. മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെ.പി. സന്തോഷ്  വീട്ടിനുള്ളില്‍ കഴുത്തിന് നാടന്‍ തോക്കുകൊണ്ട് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ ഈ വര്‍ഷം മാത്രം ജില്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ആണ് സംഭവം. ഒരു മാസം മുമ്പ് മരത്തില്‍നിന്നും വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്നും എത്തിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു.

    അടുത്ത ദിവസങ്ങളില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടതിനാല്‍ ഇന്നലെ ഉച്ചയോടെ വീട്ടില്‍നിന്ന് പുറത്തുപോയി. മടങ്ങി എത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍തോക്കുപയോഗിച്ച് വെടി വെയ്ക്കുകയായിരുന്നു. നിലത്ത് കുത്തിനിര്‍ത്തിയ ശേഷം കുഴലിന്റെ അഗ്രം കഴുത്തില്‍ ചേര്‍ത്തുവെച്ച് കാല്‍കൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം. വെടിയുണ്ട വലത് കണ്ണ് തകര്‍ത്ത് പുറത്തുവന്നു. 23 സെന്റോളം സ്ഥലമാണ് കുടുംബത്തിനുള്ളത്. സമീപത്തെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുമുണ്ട്. ചില കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഇയാള്‍ അഞ്ച് മാസത്തോളമായി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും, ചികിത്സയ്ക്കും മറ്റുമായി വന്‍ തുക ചെലവായെന്നും നാട്ടുകാര്‍ പറഞ്ഞു.  ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ 4 ലക്ഷത്തോളം രൂപയുടെ ലോണ്‍ ഉള്ളതായും പറയപ്പെടുന്നു. വര്‍ഷങ്ങളായി വീട്ടില്‍ സൂക്ഷിച്ചുവരുന്ന തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമിക വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here