Home Uncategorized അവധൂതന്റെ വഴികൾ

അവധൂതന്റെ വഴികൾ

0
അവധൂതന്റെ വഴികൾ

ഋഷികേശിലും പിന്നീടങ്ങോട്ട് ഹിമാലയപ്രാന്തങ്ങളിലേക്കുള്ള വഴിയിലും ഒരുപാട് ഭിക്ഷുക്കൾ ഉണ്ടായിരുന്നു. ദുർഘടമായ വഴിയിൽ, മഞ്ഞു പെയ്യുന്ന താഴ്‌വാരങ്ങളിൽ, വൻ വൃക്ഷങ്ങൾക്ക് കീഴെ, ചുറ്റുമെന്താണ് നടക്കുന്നതിനെക്കുറിച്ച് ഒന്നും ചിന്തിക്കാതെ ചിലർ. അവരിൽ പലരും കാഷായ വസ്ത്രം ധരിച്ചിരുന്നില്ല, എന്തിന് പലർക്കും നഗ്നത മറക്കാൻ വസ്ത്രം തന്നെ ഉണ്ടായിരുന്നില്ല. പലരും സങ്കൽപ്പിക്കുന്നത് പോലെ, പത്മാസനത്തിലിരുന്ന് ഭ്രൂമധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മോക്ഷപ്രാപ്തിക്കായി തപസ്സ് ചെയ്യുകയായിരുന്നുമില്ല അവർ. നാം വ്യവഹരിക്കുന്ന തിരക്കുള്ള ലോകത്തിൽ നിന്നൊക്കെ ഏറെ അകലെ ജീവിതത്തിന്റെ മറ്റൊരർത്ഥതലമുണ്ട്‌, ആനന്ദത്തിന്റെ, നിർവൃതിയുടെ ഒരു ലോകം.

പ്രഭാതത്തിൽ, മലിനമാകാത്ത ഗംഗയുടെ നീരൊഴുക്കിൽ സ്നാനം, ആരെങ്കിലും കൊണ്ടുവന്നു കൊടുക്കുന്ന റൊട്ടിക്കഷണങ്ങളിൽ ജീവിതം, പടർന്നു പന്തലിച്ചു കിടക്കുന്ന മരച്ചില്ലകൾക്ക് കീഴെ മയക്കം. അങ്ങനെയൊരു ജീവിതം. ലളിതമാണെന്ന് തോന്നുമെങ്കിലും അവരുമായുള്ള ഏതാനും നിമിഷങ്ങൾ ഒരു പക്ഷെ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ വായിച്ച അനുഭവമാണ്, അവരുടെ ചിലവാക്കുകൾ ചിലപ്പോൾ നമ്മുടെ അസ്ഥിത്വത്തെ പാടെ തകർത്തെറിഞ്ഞു കളയും. അവരിൽ എം.എഫ് ഹുസ്സൈനിനെക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന ചിത്രകാരന്മാരുണ്ട്, മുഹമ്മദ്‌ റാഫിയെക്കാൾ മനോഹരമായി പാടുന്ന പാട്ടുകാരുണ്ട്, ഓഷോവിനെക്കാൾ തത്വദർശനമുള്ള ചിന്തകരുണ്ട്. പക്ഷെ പൊതുവിൽ ഇവരെ സന്ന്യാസിമാർ എന്നാണ് വ്യവഹരിച്ചു കാണുന്നത്.

‘സമ്യക് ന്യാസം’ എന്നാണ് സംസ്കൃതത്തിൽ സന്യാസത്തിനുള്ള നിരുക്തി. ശരിയായ രീതിയിലുള്ള പരിത്യാഗം എന്നർത്ഥം. ഒരർത്ഥത്തിൽ നാമെല്ലാവരും സന്യാസിമാരാണ്, ശരീരത്തിനോ മനസ്സിനോ നല്ലതല്ലാത്ത ചിലത് നാം ത്യജിക്കുന്നുണ്ട്, പക്ഷെ ആ ത്യാഗം കൂടുതൽ ഉത്കൃഷ്ടമായ ഒന്നിനാകുമ്പോൾ സന്ന്യാസം കൂടുതൽ അർത്ഥപൂർണമാകുന്നു. സന്യാസം ഒരു കാഴ്ചപ്പാടാണ്, ജീവിതത്തോടുള്ള ഒരു വീക്ഷണം.

യോഗവിദ്യ അഭ്യസിച്ച് മനസ്സിലും ശരീരത്തിലും പ്രപഞ്ചത്തിലും സമത്വം ദർശിച്ചയാൾ യോഗി. ഇവർക്കൊക്കെ അതീതരായി വര്‍ണാശ്രമധര്‍മങ്ങൾക്കതീതനായി ശരീരസംസ്കാരാദികളില്‍പ്പോലും ശ്രദ്ധയില്ലാതെ സന്യാസവൃത്തിയില്‍ ജീവിക്കുന്നവരെയാണ് അവധൂതൻ എന്ന് വിവക്ഷിക്കുന്നത്. ഇവര്‍ ഒരിടത്തും സ്ഥിരമായി ഇരിക്കുകയോ ഒന്നിനോടും ബന്ധം ഭാവിക്കുകയോ ചെയ്യുന്നില്ല. പലപ്പോഴും ജീവിതത്തെ ഒരു നദിയുടെ ഒഴുക്കായി ഇവർ കരുതുന്നു. പാറക്കെട്ടുകൾക്കിടയിലെ ചെറു സുഷിരങ്ങളിൽ നിന്ന് ഉത്ഭവം, അരുവിയെന്ന പോലെ ബാല്യം, ശൂലം കുത്തിയൊഴുകുന്ന യുവത്വം, ഒടുവിൽ ഇരു കരകളെയും പോഷിപ്പിച്ച് ശാന്തമായി ഒഴുകി മഹാസമുദ്രത്തിൽ വിലയം.

എല്ലാ ആശ്രമങ്ങളെയും വര്‍ണങ്ങളെയും ഉപേക്ഷിച്ച് ആത്മധ്യാനനിരതനായിരിക്കുന്ന യോഗിയാണ് അവധൂതന്‍. അലക്കിത്തേച്ച കാഷായ വസ്ത്രങ്ങൾ ധരിച്ച, ശീതീകരിച്ച കാരവാനുകളിൽ സഞ്ചരിക്കുന്ന, കുടിലമായ മതചിന്തകളുടെ വിഷം കുത്തിവയ്ക്കുന്ന എത്രയോ സന്ന്യാസിമാരെ കണ്ടിരിക്കുന്നു. ആന്ധ്രപ്രദേശിലെ കർണൂലിലേക്ക് ഒരു പുസ്തകപ്രകാശനത്തിനായി പുറപ്പെട്ടപ്പോൾ ചിന്തകളിൽ അവരൊക്കെയാണ് കടന്നു വന്നത്. പക്ഷെ എപ്പോഴത്തെയും പോലെ ഈ യാത്രയും, കാഴ്ചപ്പാടുകൾ മാറ്റി മറിക്കുകയായിരുന്നു. നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ മാറി വിജനമായ ഒരു പാർപ്പിടസ്ഥലത്തിൽ ‘സിദ്ധാഗൻജ് ‘ എന്ന ഒരു കൊച്ചു വീട്, അതിനോട് ചേർന്ന് ചെറിയൊരു ഹാളിൽ പാക്കറ്റുകളിൽ അഗതികൾക്കായി ഭക്ഷണം നിറക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ കുറച്ചു പേർ, അവർക്കിടയിൽ താടിയും മുടിയും നീട്ടി വളർത്തി നേർത്ത കോട്ടണ്‍ വസ്‌ത്രം ധരിച്ച് തമാശകൾ പറഞ്ഞ്, തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുന്ന ഒരു സാധു മനുഷ്യൻ.

മലയാളിയായ ആ ലളിത വസ്ത്രധാരി വായനക്കാരുടെ മനസ്സിൽ ജ്വാലയായി പടർന്നിറങ്ങുന്ന പ്രശസ്തമായ രണ്ട് ആത്മകഥകളുൾപ്പെടെ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും ഗഹനമായ നൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്, റെയിൽവേ സ്റെഷനിലും, സർക്കാർ ആശുപത്രിയിലും ബസ്സ്റ്റാന്റിലും കഴിയുന്ന അസംഖ്യം പേർക്ക് ദിവസവും ഭക്ഷണം നല്കുന്നുണ്ട്, ശുദ്ധജലം സ്വപ്നം കാണാനാവാത്ത ഗ്രാമ വാസികൾക്ക് സർക്കാർ പോലും നടപ്പിലാക്കാത്ത പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. പക്ഷെ മാധ്യമങ്ങളൊന്നും ഇത് ശ്രദ്ധിച്ചതായി തോന്നുന്നില്ല, ഇന്നത്തെ ലോകത്തിൽ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനമായ ‘ബ്രാന്റിംഗ്’ എന്നത് അദ്ദേഹവും ശ്രദ്ധിച്ചിട്ടില്ല. നിയമസാധുതയ്ക്ക് വേണ്ടി ‘ആശ്രയ’ എന്ന ഒരു ട്രസ്റ്റ്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിരിക്കുന്നു, പരിസരവാസികളിൽ നിന്നും സ്വരൂക്കൂട്ടിയ സാധനസാമഗ്രഹികളും പണവുമായി അദ്ദേഹവും ചുരുക്കം പേരും പ്രയത്നിക്കുകയാണ്, തങ്ങൾക്കാവുന്ന തണൽ സമൂഹത്തിന് നൽകാൻ.

കേരളത്തിലെ പ്രശസ്തമായ ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ച അവധൂത നാദാനന്ദ, ചെറു വയസ്സിൽ തന്നെ പരിവ്രാജകനായി വീടുവിട്ടിറങ്ങി. പിന്നീടുള്ള കാലം യാത്രയുടെതായിരുന്നു. കേരളത്തിന്റെ തീരദേശത്തൂടെ, മലനാട്ടിലെ ചുരങ്ങൾ താണ്ടി പരിപാവനമായ കൊല്ലൂർ ക്ഷേത്രത്തിലേക്ക് തിരിച്ച അദ്ദേഹത്തെ കാത്ത് അവധൂത സന്യാസിനിയായ മാ താരയുണ്ടായിരുന്നു. സന്യാസ ദീക്ഷയ്ക്ക് ശേഷം വീണ്ടും യാത്ര, ശങ്കരാചാര്യരുടെ വഴിയിലൂടെ പ്രഥമ പീഠമായ ശ്രുംഗേരിയും താണ്ടി ഉത്തരേന്ത്യയിലേക്ക്. ഹിമാലയ സാനുക്കളിൽ അന്തിയുറങ്ങി ഒടുവിൽ കാശ്മീരിലേക്ക്. ദേവി ഉപാസനയുടെ കുലപതിയായി ആരോഹണം, പക്ഷെ വൈദികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അദ്ദേഹത്തെ ബന്ധനസ്ഥനാക്കിയില്ല. ‘സേവാ ഹി മമ ധർമണ’ എന്ന മന്ത്രവുമായി ആദിവാസികൾക്കിടയിലും പട്ടിണിപ്പാവങ്ങൾക്കിടയിലെക്കും ഇറങ്ങിത്തിരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ശക്തി പീഠങ്ങളിലോന്നായ ശ്രീശൈലത്തിനടുത്തായി ആന്ധ്രപ്രദേശിലെ കർണൂലാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തത്. പ്രദേശവാസികൾ അദ്ദേഹത്തെ സ്നേഹപൂർവം ‘ഗുരുജി’ എന്ന് വിളിച്ചുപോരുന്നു.

‘ക്ഷുധാനിവാരണ്‍’ എന്ന പദ്ധതിയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം. അരിയും മറ്റ് സാധന സാമഗ്രഹികളും ശേഖരിച്ച് പാകം ചെയ്ത ശേഷം കർണൂൽ നഗരത്തിലേക്ക് തിരിക്കുമ്പോൾ പലപ്പോഴും പ്രായത്തെ മറന്ന് അവധൂതനുമുണ്ടാകും. സർക്കാർ ആശുപത്രികളിൽ, റെയിൽവേ സ്റ്റെഷനിൽ, പാതയോരത്ത് തളർന്നു കിടക്കുന്നവരെ വിളിച്ചുണർത്തി ഭക്ഷണപ്പൊതി സമ്മാനിക്കും. അവരുടെ മുറിവുകളെ സ്വന്തം വിരൽ സ്പർശം കൊണ്ട് തലോടും, കുശാലാന്വേഷണം നടത്തും – സ്നേഹസാന്ദ്രമായ ആ വിരൽസ്പർശത്തെ അഞ്ഞൂറിലധികം പേരാണ് പ്രതിദിനം കാത്തിരിക്കുന്നത്. പക്ഷെ ഇതിനായി അപേക്ഷകളും നിർദ്ദേശങ്ങളുമായി ആരെയും ചെന്നു കാണാറില്ല. അതിനുള്ളത് നമുക്ക് വന്നു ചേരും എന്ന ദൃഡമായ വിശ്വാസം മാത്രം, അത് എന്നും സത്യവുമായിരുന്നുവെന്ന് ചുറ്റും കൂടിയിരിക്കുന്ന ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കോടികൾ സ്വരൂക്കൂട്ടാതെ, തനിക്കായി കരുതി വച്ച ധാന്യമണികളിൽ നിന്ന് ഒരിത്തിരി വിശന്നിരിക്കുന്നവർക്കായി നീക്കി വയ്ക്കുന്നു.

ഉന്നതമായ ജോലികളിൽ നിന്ന് രാജിവച്ചും മറ്റുമാണ് പലരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ അധ്യാപകർ മുതൽ ഭിഷഗ്വരന്മാർ വരെ. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കൊച്ചു ഹാളിൽ നിറയുന്ന കൊച്ചു കുട്ടികൾക്ക് ഇവിടെ വിദ്യ പകർന്നു കൊടുക്കുന്നു, അവരെ ഉടുവസ്ത്രങ്ങളും പുസ്തകങ്ങളും നൽകി യാത്രയയക്കുന്നു. കാതങ്ങൾ ദൂരെ താമസിക്കുന്ന ഗ്രാമവാസികൾക്ക് ആതുരശുശ്രൂഷ, വൈദ്യസഹായം ലഭിക്കാത്ത നിർദ്ധനർക്ക് ചികിത്സ, എല്ലാറ്റിനുമുപരി, സ്നേഹവും സാന്ത്വനവും തേടി അവധൂതനെയന്വേഷിച്ച് വരുന്നവർക്ക് ആശ്വാസത്തിന്റെ നിറവുള്ള വാക്കുകൾ. ഇവരുടെയൊക്കെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിക്കുമ്പോഴും, അദ്ദേഹം സ്വന്തം വേദന കടിച്ചമർത്തുകയാണ്, കാൻസർ തന്റെ ശരീരത്തെ കാർന്നുതിന്നുകയാണെന്ന സത്യം പക്ഷെ അദ്ദേഹം മനസ്സിലാക്കുന്നു. വിശ്രമിക്കാനുള്ള സ്നേഹമുള്ള നിർദ്ദേശങ്ങൾ ഒരുപക്ഷെ കേട്ടില്ലെന്ന് നടിക്കുകയാണോ? കർണൂലിലെ ആ സായാഹ്നത്തെ സംഗീതസാന്ദ്രമാക്കി അദ്ദേഹം മനോഹരമായി പാടുമ്പോൾ ആ ശബ്ദമിടറുന്നുണ്ടായിരുന്നു, പക്ഷെ ആ സംഗീതം ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു.

നന്ദി പറയുക, ജീവന്റെ സ്പന്ദനവുമായി നിങ്ങൾക്ക് ജന്മം നൽകിയ പ്രപഞ്ചസത്യത്തോട്;
പ്രാണവായുവും, ജലവും ആഹാരവും ആവോളം തന്ന് ജീവൻ നിലനിർത്തുന്ന പ്രകൃതിയോട്.
നന്ദി പറയുക എല്ലാറ്റിലുമുപരി നന്ദി പറയാൻ നിങ്ങളെ സ്വയം തോന്നിച്ച ആത്മാവിനോട്,
എന്തെന്നാൽ ആ ആത്മാവ് തന്നെയാണ് പ്രപഞ്ചത്തിന്റെ ആത്മാവും-
ജാതി-മത-വർണ്ണ ഭേദങ്ങളില്ലാത്ത, ഈശ്വരൻ എന്ന് പേരിട്ടിരിക്കുന്ന ആ ഏക സത്യം.

കർണൂലിൽ ഗുരുജി നട്ടുവളർത്തിയ മരങ്ങൾക്കിടയിലൂടെ, നിർത്തിയിട്ട വാഹനത്തിനടുത്തെക്ക് തിരിച്ചു നടക്കുമ്പോൾ അദ്ദേഹം അനുഗമിച്ചു. ‘ഈ ജീവിതം എത്ര നാളെന്ന് അറിയില്ല. കാൻസർ എന്നെ തളർത്തിത്തുടങ്ങിയിരിക്കുന്നു. അതുവരെ തുടരാം! പക്ഷെ അതിന് ശേഷം ഒക്കെ ആരു നോക്കി നടത്തുമെന്ന നേരിയൊരു വിഷമമുണ്ട്.’ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോൾ ആയുസ്സ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുവാനായിരുന്നെങ്കിൽ എന്നാശിച്ചു പോയി. കുറെയേറെ മനസ്സുകളിൽ അദ്ദേഹം തന്റെ ആദർശത്തിന്റെ വിത്തുകൾ പാകിയിരിക്കുന്നു. അവ വളർന്ന് പന്തലിച്ച് ഇനി വരും തലമുറയ്ക്കും തണലേകിയെക്കാം. മരണമെന്ന യാഥാർത്ഥ്യത്തിന് ഇന്നല്ലെങ്കിൽ നാളെ നാം കീഴടങ്ങിയേ ഒക്കൂ. അതുവരെയുള്ള നിമിഷങ്ങൾ സ്നേഹത്തിന്റെ, കരുണയുടെ, പങ്കുവയ്ക്കലിന്റെതായിരുന്നെങ്കിൽ ഈ ഭൂമി എത്ര മനോഹരമായേനെ!