അറിവിന്റെ ചിന്മയ ദീപം

  യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത ॥४-७॥
  അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം ॥४-८॥

  ഹേ ഭാരതാ, എപ്പോഴെല്ലാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

  പ്രകൃതിക്ക് ഓരോ കാലഘട്ടത്തിലും അതിന്റെതായ പുനരുദ്ധാരണത്തിനായുള്ള പോം വഴികളുണ്ട്. മഴ, വേനൽ അങ്ങനെ തുടങ്ങി നമുക്ക് ചുറ്റും കണ്ടു വരുന്ന പ്രാകൃതിക മാറ്റങ്ങൾ, ചിലപ്പോഴൊക്കെ ആവർത്തിക്കപ്പെടുന്ന പ്രളയമോ, ഭൂകമ്പമോ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ, ഇവയൊക്കെയുംസൂക്ഷ്മ ദൃഷ്ട്യാ അത്തരത്തിലുള്ള പുനരുദ്ധാരണത്തിനുള്ള ഉപാധികളാണ്.

  ലോകത്തിന്റെ താത്വികമായ പുനരുദ്ധാരണത്തിനുമുണ്ട് അത്തരം പോം വഴികൾ. ഭാരതത്തിന്റെ സാസ്കാരിക ചരിത്രം പരിശോധിക്കുകയാണെങ്കിൽ അത്തരത്തിൽ ഒട്ടേറെ മഹാരഥൻ ഇവിടെ ജന്മം കൊണ്ടിട്ടുണ്ട്. മഹാബുദ്ധൻ, ശങ്കരാചാര്യർ തുടങ്ങി ഒട്ടേറെ പേർ – അവർ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് തന്നെ പറയാം.

  അത്തരത്തിൽ മൂല്ല്യച്യുതി നേരിട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് പിൽക്കാലത്ത് സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന് പിൽക്കാലത്തറിയപ്പെട്ട ബാലകൃഷ്ണമേനോന്റെ ജനനം.

  കൊച്ചി രാജാവിന്റെ മരുമകനായ വടക്കേ കറുപ്പത്ത് കുട്ടൻ മേനോൻ എന്ന പ്രശസ്ത ജഡ്ജിന്റെ മകനായി ജനിച്ച ബാലകൃഷ്ണ മേനോന്, രാജകുടുംബത്തിന്റെ ജീനുകൾ കൊണ്ടാവാം, നേതൃത്വ പാടവം രക്തത്തിൽത്തന്നെയുണ്ടായിരുന്നു. ഒരുപക്ഷെ അതുതന്നെയായിരിക്കും ചിന്മയാമിഷൻ എന്ന സ്ഥാപനത്തെ ഒരു സാമ്രാജ്യമായിത്തന്നെ മാറ്റിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

  സമൂഹത്തിനായി പ്രധാനമായും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന രാജാവിന് പകരം അദ്ദേഹം മാറിയത് ലോകത്തെമ്പാടും ആത്മീയമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ വിജയശ്രീ ലാളിതനായ ചക്രവർത്തിയായി! അതിന് അദ്ദേഹം തിരഞ്ഞെടുത്തത് വേദ-വേദാന്ത സാരമെന്ന് അറിയപ്പെടുന്ന ഭഗവദ്ഗീതയായിരുന്നു.

  ആധുനിക യുഗത്തിലെ മനുഷ്യരുടെ മനസ്സുകളിലേക്ക് പ്രവേശിക്കുവാൻ താരതമ്യേന സമകാലികമെന്ന് പറയാവുന്ന ഭഗവദ് ഗീതയോളം നല്ല ഉപാധി വേറെയില്ലെന്ന് അദ്ദേഹം ചിന്തിച്ചു കാണണം. ഇന്നും ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചിന്മയ മിഷൻ സ്കൂളുകളിലൂടെ കുരുന്നു കുട്ടികൾ വരെ ഗീതാ ശകലങ്ങൾ ഏറ്റുചോല്ലുന്പോൾ, ലോകത്തെ മുക്കിലും മൂലയിലും മനുഷ്യ മനസ്സുകളിലെ ഇരുട്ടിനെ പ്രകാശിപ്പിച്ചു കൊണ്ട് ഗീതാ യജ്ഞങ്ങൾ നടന്നു വരുമ്പോഴും നമുക്ക് സങ്കൽപ്പിക്കാം കുരുക്ഷേത്രത്തിൽ അർജുനന്റെ മുന്നിലെന്ന പോലെ വിശ്വത്തോളം വളർന്നു നിൽക്കുന്ന ആ ഭഗവാന്റെ രൂപം.

  വേദ വേദാന്തങ്ങളിലും സ്വാമിജിയുടെ പാണ്ഡിത്യം അതുല്ല്യമായിരുന്നു. ഭാരതീയ തത്വചിന്തയെ ആധുനിക ലോകത്തിന് ഉൾക്കൊള്ളാവുന്ന തരത്തിൽ ഉപമകൾ നൽകി അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തി. ശങ്കാരാചാര്യരുടെ ‘ആത്മബോധം; എന്ന ഉത്കൃഷ്ട ഗ്രന്ഥത്തിന് അദ്ദേഹമെഴുതിയ പരിഭാഷയിൽ പഞ്ചമഹാഭൂതങ്ങളെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു – നിങ്ങൾ മരണപ്പെട്ടുവെന്ന് ചിന്തിക്കുക, ഉടനടി ശരീരം മഞ്ഞു പോലെ തണുക്കും (ശരീരത്തിൽ അഗ്നി ഭൂതം ഇല്ലാതായി), നിങ്ങളുടെ ശരീരം ചീഞ്ഞ് അതിലെ ജലാംശം നഷ്ടപ്പെടും (ജലമഹാഭൂതം), അന്തരീക്ഷത്തിൽ രൂക്ഷഗന്ധം പരക്കും (വായു മഹാഭൂതം), നിങ്ങളുടെ മാംസം മണ്ണിനോട്‌ വിലയിക്കും (ഭൂമി മഹാഭൂതം) ഒടുവിൽ നിങ്ങളുടെ ഭൂമിയിൽ നിലനിൽപ്പിനായി ഉപയൊഗിക്കപ്പെട്ടിരുന്ന ‘ഇടം’ ഇല്ലാതാകും (ആകാശ മഹാഭൂതം).

  വേദാന്തത്തെക്കുറിച്ച് പ്രതിപാദിക്കുപൊഴും ഇതേ ലാളിത്യം നമുക്ക് കാണാം. ‘ദ ലോജിക് ഓഫ് സ്പിരിച്വാലിട്ടി’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്പോൾ മൂന്ന് സുപ്രധാന തത്വങ്ങൾ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുന്നു. 1. There is cause (ഇവിടെ ‘കാരണ’മുണ്ട് 2. There is an effect (ഇവിടെ കാര്യവുമുണ്ട്) 3. From the effect if the cause is removed there exists nothing. (കാര്യത്തിൽ നിന്ന് കാരണത്തെ നീക്കം ചെയ്‌താൽ അവിടെ ഒന്നും അവശേഷിക്കുന്നില്ല.

  സ്വർണം ‘കാരണ’മാണ്, അതു കൊണ്ട് പല വിധത്തിലുള്ള കാര്യങ്ങൾ (ആഭരണങ്ങൾ) ഉണ്ടാക്കാം. പക്ഷെ ആഭരണങ്ങളിൽ നിന്ന് സ്വർണം നീക്കം ചെയ്‌താൽ അവിടെ ഒന്നുമവശേഷിക്കുന്നില്ല. പ്രപഞ്ചത്തിൽ നാം കാണുന്നതൊക്കെയും കാരണഭൂതൻ ആ ഈശ്വരനാണ്. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പ്രപഞ്ചത്തിൽ ഒന്നും അവശേഷിക്കുന്നില്ല. നമ്മളൊക്കെ ആ ഏകത്വമാണ് എന്ന ചിന്തയും ഈ ഉദാഹരണത്തിലൂടെ നമുക്ക് കൈവരുന്നു. ഈ ഒരൊറ്റ ചിന്ത മതി ലോകത്തിൽ ശാന്തിയും സമാധാനവും പിറക്കാൻ.

  ഒരു പക്ഷെ താരതമ്യേന ഇത്രയും ലഘുകരിച്ച, ആധുനിക മനസ്സിന് എളുപ്പത്തിലുൾക്കൊള്ളാവുന്ന വിവരണങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. ഇത് തന്നെയായിരുന്നു സ്വാമിജിയുടെ പ്രത്യേകതയും. പ്രഭാഷണങ്ങൾ വെറും വാചകക്കസർത്തെന്നതിലുപരി അങ്ങേയറ്റം കർക്കശനായ ഒരധ്യാപകന്റെ ക്ലാസുകളായാണ് അനുഭവപ്പെടുക, പക്ഷെ അതേ സമയം ഒരച്ഛന്റെ വാത്സല്ല്യം ആ വാക്കുകളിൽ, പ്രവർത്തികളിൽ നമുക്ക് തൊട്ടറിയാം.

  സ്വാമിജി യാത്രയായി 23 വർഷങ്ങൾ പിന്നിടുന്നുവെന്നത് അദ്ഭുതം ജനിപ്പിക്കുന്നു. ഒരുപക്ഷെ മിക്ക പ്രഭാതങ്ങളിലും, സ്വന്തം ആത്മസ്വരൂപത്തെക്കുറിച്ചുള്ള ചിന്തകളിൽ വ്യാപൃതനാകുന്പോഴൊക്കെ ഗൗരവഭാവത്തോടെ, കർക്കശക്കാരനായ ആ ഗുരു ശാസനയോടെ അവിടെ ശിരസ്സുയർത്തി നിൽക്കുന്നത് കാണാം. മെല്ലെ അടുത്തു ചെന്നാൽ, മൃദുവായ ആ കരങ്ങൾ കൊണ്ട് അദ്ദേഹം തൊട്ടു തലോടുന്പോൾ പിതൃവാത്സല്യമറിയാം, ഹൃദയത്തെ സ്പർശിക്കുന്ന ദേവസ്പർശം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  22 × 25 =